ജീവനക്കാരന്റെ കൊലപാതകം : ശരവണഭവന്‍ ഉടമ കീഴടങ്ങി! ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ കോടതി മുറിയിലെത്തിയത്‌ വീല്‍ചെയറില്‍

2019-07-10 02:15:57am |

ന്യൂഡല്‍ഹി/ ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ കീഴടങ്ങി. ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലാണു കോടതി മുറിയിലെത്തിയത്‌. ചികിത്സ തുടരാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും പുഴല്‍ ജയിലിലേക്കു അയക്കാനായിരുന്നു കോടതി ഉത്തരവ്‌. ജയിലില്‍ ഡോക്‌ടര്‍മാര്‍ പരിശോധിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ നോക്കാമെന്നും കോടതി വ്യക്‌തമാക്കി.

ആംബുലന്‍സില്‍ ഓക്‌സിജന്‍ മാസ്‌കും ധരിച്ചാണ്‌ 72 വയസുകാരനായ രാജഗോപാല്‍ മദ്രാസ്‌ ഹൈക്കോടതിയിലെത്തിയത്‌്. ആരോഗ്യസ്‌ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്‌ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു. പിന്നാലെയാണ്‌ കീഴടങ്ങല്‍. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീം കോടതി രാജഗോപാലിനു ശിക്ഷ വിധിച്ചത്‌. എത്രയും പെട്ടെന്നു കീഴടങ്ങാന്‍ രാജഗോപാലിനോടു സുപ്രീം കോടതി ജസ്‌റ്റിസുമാരായ എന്‍.വി. രമണ, എം. മോഹന്‍ ശാന്തന ഗൗഡര്‍, അജയ്‌ രസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ച്‌ നിര്‍ദേശിച്ചു. രാജഗോപാല്‍ ആംബുലന്‍സിലാണു ഹൈക്കോടതിയിലെത്തിയതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച്‌ ഇയാള്‍ രോഗബാധിതനാണെന്നു വിചാരണവേളയില്‍ ഒരിക്കല്‍പോലും അറിയിക്കാത്തത്‌ എന്തുകൊണ്ടെന്ന്‌ പ്രതിഭാഗത്തോട്‌ ആരാഞ്ഞു.

2001 ലാണ്‌ കേസിനാസ്‌പദമായ സംഭവം. ശരവണഭവന്‍ കമ്പനിയിലെ ജീവനക്കാരനായ ശാന്തകുമാറിനെ അയാളുടെ ഭാര്യയെ സ്വന്തമാക്കാന്‍ വേണ്ടിയാണ്‌ രാജഗോപാല്‍ തട്ടിക്കൊണ്ടുപോയി വധിച്ചത്‌. ശരവണഭവനിലെ മുന്‍ അസിസ്‌റ്റന്റ്‌ മാനേജര്‍ രാമസ്വാമിയുടെ മകളായ ജീവജ്യോതിയായിരുന്നു ശാന്തകുമാറിന്റെ ഭാര്യ. ഈ കേസില്‍ 2009ല്‍ മദ്രാസ്‌ ഹൈക്കോടതി രാജഗോപാലിനു വിധിച്ച ജീവപര്യന്തം സുപ്രീം കോടതിയും ശരിവയ്‌ക്കുകയായിരുന്നു.

ജീവപര്യന്തം തടവ്‌ വിധിക്കപ്പെട്ട രാജഗോപാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ്‌ കോടതിയെ സമീപിച്ചത്‌. ഞായറാഴ്‌ച കീഴടങ്ങണമെന്നായിരുന്നു കോടതി നിര്‍ദേശം. ശരിയല്ലാത്ത കാര്യമാണ്‌ താങ്കളുടെ കക്ഷി ചെയ്യുന്നതെന്ന്‌ രാജഗോപാലിന്‌ വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബലിനോട്‌ കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്‌ഥിതിയൊക്കെ വിചാരണാഘട്ടത്തില്‍ പരിശോധിച്ചതാണ്‌. അപ്പോള്‍ ഉന്നയിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ എങ്ങനെ വന്നുവെന്നും ജസ്‌റ്റിസ രമണ ചോദിച്ചു. ഈ ഘട്ടത്തില്‍ ഇടപെടുന്നതില്‍ കാര്യമില്ലെന്ന്‌ ശാന്തനഗൗഡറും പറഞ്ഞു.
രണ്ടു ഭാര്യമാരുണ്ടായിരുന്ന രാജഗോപാല്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനാണ്‌ താല്‍പര്യപ്പെട്ടത്‌. എന്നാല്‍ വിവാഹഅഭ്യര്‍ഥന ജീവജ്യോതി നിരസിച്ചു. 1999ല്‍ ജീവജ്യോതി ശരവണ ഭവന്‍ കമ്പനിയിലെ ജീവനക്കാരനായ ശാന്തകുമാറിനെ വിവാഹം ചെയ്‌തു.

ഇതിനുപിന്നാലെ വിവാഹബന്ധം വേര്‍പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജഗോപാല്‍ ഇരുവരെയും ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നതിനെത്തുടര്‍ന്ന്‌ 2001 ഒക്‌ടോബര്‍ ഒന്നിന്‌ രാജഗോപാലിന്റെ ഗുണ്ടകള്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി ജീവജ്യോതിയും ശാന്തകുമാറും പോലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒക്‌ടോബര്‍ 26ന്‌ ചെന്നൈയില്‍നിന്നും ശാന്തകുമാറിനെ രാജഗോപാലിന്റെ വാടകഗുണ്ടകള്‍ കൊടൈക്കനാലിലേക്ക്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.