ട്രാക്കിലെ ഹര്‍ഡില്‍സില്‍ അവള്‍ക്കു സ്വര്‍ണം; പക്ഷേ, ജീവിത ഹര്‍ഡില്‍സില്‍...; സംസ്ഥാനതലത്തില്‍ സ്വര്‍ണമെഡലുകള്‍ വാരികൂട്ടിയ അതുല്യ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ വെന്റിലേറ്ററിറില്‍

2019-07-11 02:16:23am |

തിരുവനന്തപുരം: വെള്ളവരയുള്ള ഫിനീഷിങ് പോയിന്റ്... കാലുകളിലേക്ക് ഊര്‍ജം മൊത്തം ആവാഹിച്ച് എതിരാളികളെ ഞെട്ടിച്ച് ഒരു സൂപ്പര്‍ ഫിനീഷ്... ചുറ്റും ഉയരുന്ന െകെയടികള്‍... കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ വെന്റിലേറ്ററിനുള്ളില്‍നിന്ന് ഉയരുന്ന അതുല്യയുടെ ഓരോ ഹൃദയമിടിപ്പും അതാഗ്രഹിക്കുന്നുണ്ട്.

മറ്റാരും കേട്ടില്ലെങ്കിലും ആ ചില്ലു കൂടിനു (ഐ.സി.യു) പുറത്ത് അവളെ ജീവിത ട്രാക്കിലേക്ക് തിരിച്ചെത്തിക്കാന്‍ ഓടി തളര്‍ന്നിരിക്കുന്ന അച്ഛന്‍ അതു കേള്‍ക്കുന്നുണ്ട്... ആ നെഞ്ചുരുകുന്നുമുണ്ട്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംസ്ഥാനതലത്തില്‍ സ്വര്‍ണമെഡലുകള്‍ വാരികൂട്ടിയ അതുല്യയെ കോട്ടയത്തുനിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് കൂലിക്കായി പിതാവ് ഇന്നലെ നടത്തിയതു മകളുടെ ജീവന്റെ വിലയുള്ള ഓട്ടമാണ്. കായികപ്രേമികള്‍ക്കു സുപരിചിതമായ അതുല്യ പി. സജിയെന്ന കായികതാരം ജീവിതട്രാക്കിലേക്കു തിരിച്ചുവരാനായി പോരാടുകയാണെന്നു കായിക മന്ത്രിക്കോ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോ അറിയില്ല. അറിഞ്ഞവര്‍ ആരെയും അറിയിച്ചുമില്ല.

 

കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവ്, ദേശീയ മീറ്റിലെ വെള്ളിമെഡല്‍ ജേതാവ്, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിനി... കൂട്ടിനായി കുറെ റെക്കോഡുകള്‍... അതുല്യയുടെ നേട്ടങ്ങള്‍ അനവധിയാണ്. െമെതാനത്തിലേതു പോലെ പഠനത്തിലും മികവു കാട്ടിയ അവള്‍ക്കു പ്ലസ്ടുവില്‍ എണ്‍പതു ശതമാനത്തിലേറെ മാര്‍ക്കുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് കോളജുകള്‍ അഡ്മിഷന്‍ നല്‍കാമെന്ന വാഗ്ദാനവുമായി പുറകെ വന്നു.

അതിനിടെയാണ് തലച്ചോറില്‍ അണുബാധയുണ്ടായത്. അതുല്യ തോറ്റുകൊടുത്തില്ല, ചികിത്സയില്‍ സുഖംപ്രാപിച്ച് വീണ്ടും ട്രാക്കിലേക്ക്. എന്നാല്‍, പതിനഞ്ചു ദിവസം മുമ്പു വീണ്ടും വിധി മത്സരവുമായെത്തി. ശ്വാസംമുട്ടലിന്റെ രൂപത്തിലായിരുന്നു തുടക്കം. വിദഗ്ധ പരിശോധനയില്‍ ശ്വാസകോശം ചുരുങ്ങുന്ന അസുഖമാണന്നു കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ വേണമെന്നു വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വളരെയേറെ ചെലവുള്ള ലേസര്‍ ശസ്ത്രക്രിയയാണു പ്രതിവിധി. ഇതിനു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യമില്ല.

പുട്ടപര്‍ത്തിയിലോ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലോ മാത്രമാണ് ഇതിനായി ശസ്ത്രക്രിയ നടത്തുക. പുട്ടപര്‍ത്തി വരെ കൊണ്ടുപോകാന്‍ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ കഴിയില്ല. തിരുവനന്തപുരത്തു ശസ്ത്രക്രിയ നടത്തണമെങ്കില്‍ 25 ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ ആശുപത്രിയിലെത്തിക്കാനായിരുന്നു അവിടെനിന്നുള്ള നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ഇതുതന്നെ നിര്‍ദേശിച്ചു.

ഹോട്ടല്‍ തൊഴിലാളിയായ സജിക്കു മകളെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലെത്തിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഇന്നലെ െവെകുന്നേരംവരെ പണമുണ്ടാക്കാന്‍ ഓടിനടന്നു. ഒടുവില്‍ ഇന്നത്തേക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കി. ചികിത്സയ്ക്കായി ഇനി ലക്ഷങ്ങള്‍ കണ്ടെത്തണം. ഉള്ളതെല്ലാം വിറ്റാലും കടം മേടിച്ചാലും പണം തികയില്ല. മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പില്‍ നിസഹായരായി നില്‍ക്കുകയാണ് കുടുംബം. ദേശീയതാരമായ മകള്‍ നാടിനു നേടിക്കൊടുത്ത പെരുമാത്രമാണ് എരുമേലി പമ്പാവാലിയില്‍നിന്നെത്തിയ അവര്‍ക്കു െകെമുതല്‍. ഇനി വേണ്ടതു െകെയടികളല്ല, സഹായമാണ്. അവള്‍ വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു തിരികെയെത്താന്‍... വെള്ളവര താണ്ടി ട്രാക്കില്‍ സൂപ്പര്‍ ഫിനീഷുകള്‍ തുടരാന്‍...

അതുല്യയ്ക്ക് സഹായമെത്തിക്കാന്‍
അക്കൗണ്ട് നമ്പര്‍-25010100013030
(സിന്ധു സജി)
ബാങ്ക് ഓഫ് ബറോഡ കാഞ്ഞിരപ്പള്ളി
ഫോണ്‍-9605804802