Latest News

ലണ്ടൻ റീജിയൺ കൺവെൻഷനുള്ള വേദിയും,ഫ്ലയറും തയ്യാർ;അഭിഷേകാഗ്നിക്ക് "സെഹിയോൻ ഊട്ടുശാല"യാവാൻ "അല്ലിൻസ് പാർക്ക്

2017-08-10 01:46:38am | അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യു കെ യിൽ എട്ടു റീജിയനുകളിലായി നടത്തപ്പെടുന്ന തിരുവചന ശുശ്രുഷകളിൽ ലണ്ടൻ റീജണൽ കണ്‍വൻഷന്‍റെ വേദി പ്രഖ്യാപിക്കപ്പെട്ടു. ഹെണ്ടനിലുള്ള 'അല്ലിൻസ് പാർക്ക്' ഓഡിറ്റോറിയങ്ങൾ ഇദം പ്രഥമമായി തിരുവചനങ്ങൾക്ക് കാതോർക്കുവാൻ ഇരിപ്പിടം ഒരുക്കുമ്പോൾ ലണ്ടനിലുള്ള മൂന്നു ചാപ്ലിൻസികളിലെ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നായി എത്തുന്ന ആയിരങ്ങൾക്ക് അത് അഭിഷേക വേദിയാകും.പരിശുദ്ധ അമ്മയും,ശിഷ്യന്മാരും ധ്യാനിച്ചു കൊണ്ടിരിക്കെ തീനാക്കളുടെ രൂപത്തിൽ പരിശുദ്ധാൽമ അഭിഷേകം ലഭിച്ച 'സെഹിയോൻ ഊട്ടുശാല'യായി 'അല്ലിൻസ് പാർക്ക്'   മാറും.
 
അഭിഷേകാഗ്നി കൺവെൻഷനായി മൂന്നു ഓഡിറ്റോറിയങ്ങളിലായി അയ്യായിരത്തോളം പേർക്കുതകുന്ന വിശാലമായ ഇരിപ്പിട സൗകര്യവും,അവർക്ക് സുഗമമായി തിരുവചന ശുശ്രുഷയിൽ പങ്കു ചേരുന്നതിനായി നൂതന മൾട്ടിമീഡിയാ  സംവിധാനങ്ങളും അഭിഷേകാഗ്നി വേദിയിൽ ഉണ്ട് . 
 
എണ്ണൂറോളം കാറുകൾക്കും, അമ്പതോളം കോച്ചുകൾക്കും പര്യാപ്തമായ വിസ്തൃത പാർക്കിങ് സൗകര്യങ്ങളുള്ള തിരുവചന വേദിയോടനുബന്ധിച്ച് റഗ്ബി സ്റ്റേഡിയം, അത്‌ലറ്റിക് വേദി, ഭക്ഷണ കേന്ദ്രങ്ങൾ എന്തിനേറെ പത്തോളം വിവിധങ്ങളായ പരിപാടികൾ ഒരുമിച്ചു നടത്തുവാൻ ഉതകുന്ന വിപുലമായ സൗകര്യങ്ങൾ ഉള്ള അല്ലിൻസ് പാർക്ക് ലണ്ടനിലെ പ്രസിദ്ധമായ ഒരു ഫങ്ക്ഷനിങ് വെന്യു ആണ്. 
 
ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ 'അജപാലനത്തോടൊപ്പം സുവിശേഷവൽക്കരണം' എന്ന ആപ്തവാക്യം മുറുകെ പിടിച്ച്  രൂപതയുടെ ആല്മീയ വളർച്ചക്കും,ആദ്ധ്യാൽമിക നവോദ്ധാനത്തിനും വേണ്ടി യു കെ യിലുടനീളം ദൈവീക ശുശ്രുഷയും, പ്രഘോഷണവുമായി സഞ്ചരിക്കുകയും,സന്ദർശിക്കുകയും ചെയ്യുമ്പോൾ അതിനുള്ള  ആല്മീയ പോഷണം നൽകുന്നതിന്റെ ഭാഗമായിട്ടാണ്   അഭിഷേകാഗ്നി ധ്യാനങ്ങൾ ഏവർക്കും സൗകര്യപ്രദമായിസംഘടിപ്പിക്കുന്നത്.
 
സെഹിയോൻ ധ്യാനകേന്ദ്ര ഡയറക്ടറും,കാലഘട്ടത്തിലെ പരിശുദ്ധാൽമ ശുശ്രുഷകൾക്കു വരദാനം ലഭിച്ച അനുഗ്രഹീത വചന പ്രഘോഷകരിലൊരാളുമായ സേവ്യർഖാൻ വട്ടായിൽ അച്ചനാണ് യു കെ യിൽ അഭിഷേകാഗ്നി ധ്യാനം നയിക്കുക.
 
അഭിഷേകാഗ്നി റീജിയണൽ കൺവെൻഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും,അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാർത്ഥനകളും, ആല്മീയമായ ഒരുക്കങ്ങളും, ധ്യാനാർത്ഥികൾക്കു വേണ്ട സൗകര്യങ്ങൾ തയ്യാറാക്കലുമായി വോളണ്ടിയർ കമ്മിറ്റി സദാ പ്രവർത്തന ക്ഷമമാണ്.
  
ജീവൻ തുടിക്കുന്ന തിരുവചനങ്ങൾ ആല്മീയ-മാനസിക നവീകരണത്തിനും, നന്മയുടെ പാതയിൽ നയിക്കപ്പെടുന്നതിനും,തിന്മകളെ തോൽപ്പിക്കുന്നതിനും ആത്‌മാവിന്റെ കൃപാ ശക്തി പ്രാപ്യമാകുവാൻ അനുഗ്രഹീത ശുശ്രുഷയായ 'അഭിഷേകാഗ്നി 2017' കൺവെൻഷനിലേക്ക് ഏവരെയും സ്നേഹ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടൻ റീജിയണൽ ധ്യാന സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
 
ലണ്ടൻ കൺവെൻഷന്റെ ഭാഗമായി തയ്യാറാക്കിയ ഫ്ളയറിന്റെ പ്രകാശനവും നടത്തപ്പെടുകയുണ്ടായി. 
 
ലണ്ടൻ റീജിയണൽ അഭിഷേകാഗ്നി കൺവെൻഷൻ ഒക്ടോബർ 29 ഞായറാഴ്ച രാവിലെ 10:00  മണി മുതൽ വൈകുന്നേരം 6:00 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 
 
കൺവെൻഷൻ വേദിയുടെ വിലാസം:
 
അല്ലിൻസ് പാർക്ക്, ഗ്രീൻലാൻഡ്‌സ് ലെയിൻ 
ഹെണ്ടൺ,ലണ്ടൺ എൻ ഡബ്ല്യൂ 4  1ആർ എൽ