ഇതുപോലുള്ള വൈദികർ ഇനിയുമുണ്ടോ ഞങ്ങൾക്ക് തരാൻ ?; ഫാ .ജിനോ അരീക്കാട്ടച്ചനെ ചൂണ്ടി സ്രാമ്പിക്കൽ പിതാവിനോട് ലിവർപൂൾ ആർച്ച്ബിഷപ് മാർ മാൽക്കം മാക്‌മെൻ .

2018-05-13 09:54:47am |

ലിവർപൂൾ . ബ്രിട്ടനിലെ മലയാളി കുടിയേറ്റ ചരിത്രത്തിലും സീറോ മലബാർ സഭയുടെ പ്രവാസി രൂപതകളുടെ ചരിത്രത്തിലും പുതുചരിതമായി , ഗ്രെയിറ്റ് ബ്രിട്ടൻ സീറോ  മലബാർ രൂപതക്ക് അഭിമാനമായി ഇന്നലെ ആദ്യ ഇടവക ദേവാലയം ലിവർപൂളിലെ ലിതെർലാണ്ടിൽ ഉത്‌ഘാടനം ചെയ്യപ്പെട്ടപ്പോൾ   താരമായത് ലിവർപൂളിലെ സീറോ മലബാർ വിശ്വാസികളുടെ സ്വന്തം ജിനോ അച്ചൻ .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ ലിവർപൂൾ ആർച് ബിഷപ് മാർ മാൽക്കം മക്‌മെൻ പറഞ്ഞു തുടങ്ങിയത് തന്നെ സീറോ മലബാർ സഭയുടെ വിശ്വാസ തീഷ്ണതയേയും , പാരമ്പര്യത്തെയും കുറിച്ചാണ് , പ്രസംഗമധ്യേ ജിനോ അച്ചൻ  ലിവർപൂൾ രൂപതക്കും , ഇവിടുത്തെ വിശ്വാസ സമൂഹത്തിനും കൊടുക്കുന്ന ആത്മീയ നേതൃത്വത്തിനും നന്ദി ഉണ്ടെന്നും ,സ്രാമ്പിക്കൽ പിതാവിനെ കാണുമ്പോൾ എല്ലാം ഞാൻ ചോദിക്കാറുണ്ട് ജിനോ അച്ചനെ പോലെ ഉള്ള വൈദികർ ഇനിയുമുണ്ടോ ഞങ്ങൾക്ക് തരാൻ ഒരു പന്ത്രണ്ടു പേരെ തന്നാലും ഞാൻ സ്വീകരിച്ചുകൊള്ളാം എന്നും പറഞ്ഞത് കയ്യടികളോടെയാണ് വിശ്വാസി സമൂഹം മറുപടി നൽകിയത് , ചെറുപ്പത്തിന്റെ ചുറു  ചുറുക്കും, ദിവ്യകാരുണ്യ മിഷനറി സഭാംഗം  എന്ന നിലയിൽ ഉള്ള ആഴമായ ദിവ്യകാരുണ്യ അനുഭവും , തീഷ്ണമായ സഭാ സ്നേഹവും ,ആരെയും പെട്ടന്ന് കൂടെ നിർത്താൻ കഴിയുന്ന സംഘടനാ പാടവവും , തദ്ദേശ്ശീയരായ മെത്രാന്മാരോടും , രൂപതയോടും ഒക്കെ കാണിച്ച വിധേയത്വവും ഒക്കെ ആണ് ലിവർപപൂൾ അതിരൂപതയെ ഇങ്ങനെ ഒരു തീരുമാനമെടുക്കുവാൻ പ്രചോദിപ്പിച്ചത് എന്ന് നിസംശയം പറയാം .  ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ യും അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെയും നിർദേശങ്ങൾക്കനുസരിച്ചു ആദ്യ ഇടവകയായി  ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയവും മാറിയത് ലിവർപൂൾ അതിരൂപതയും ,രൂപതയുടെ വന്ദ്യരായ  അധ്യക്ഷന്മാരും നൽകിയ കലവറയില്ലാത്ത പിന്തുണയുടെയും , സഹായങ്ങളുടെയും ഭാഗമായാണ് എന്നും , ദൈവാനുഗ്രഹവും ,വിശ്വാസികളുടെ പ്രാർഥനയുടെയും പരിണിത ഫലമാണ് ഇതിനു പിന്നിൽ എന്നും ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു . ഇന്നലെ ലിവർപൂളിൽ യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസി സമൂഹത്തെ സംബന്ധിച്ച് ഉത്സാവ പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ ഉള്ള ക്രമീകരണങ്ങളാണ് കൈക്കാരൻമാരുടെയും പള്ളി കമ്മറ്റിയുടെയും പേരിൽ ക്രമീകരിച്ചിരുന്നത് .