ദുക്റാന ആചരണവും പ്രിസ്ബിറ്ററൽ കൗൺസിൽ സമ്മേളനവും നടത്തി

2018-07-05 02:22:50am | ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റൺ∙ മാർതോമാശ്ലീഹയുടെ ഓർമ്മപ്പെരുന്നാൾ (ദുക്റാന) ആചരണവും ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ വൈദിക സമ്മേളനവും പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു. രാവിലെ നടന്ന വി. കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. മുഖ്യ വികാരി ജനറാൾ റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടി, വികാരി ജനറാൾമാരായ റവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

dukatana

തോമാശ്ലീഹാ മറ്റു ശിഷ്യന്മാരുടെ കൂട്ടായ്മയിൽ നിന്നു മാറി നിന്നപ്പോൾ കർത്താവിനെ കാണാൻ സാധിച്ചില്ലെന്നും പിന്നീട് മറ്റു ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്ന അവസരത്തിലാണ് കർത്താവിനെ നേരിട്ടുകാണാൻ സാധിച്ചതെന്നും ബിഷപ് വചന സന്ദേശത്തിൽ പറഞ്ഞു. സഭയുടെ കൂട്ടായ്മയിലായിരിക്കുന്നവർക്കു മാത്രമേ കർത്താവിനെ കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്നാണ് ഇത് ഓർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് തോമാശ്ലീഹായെ വിശ്വാസത്തിന്റെ ഏറ്റവും വലിയ ഏറ്റുപറച്ചിലിലേക്ക് അദ്ദേഹത്തെ നയിച്ചു. ഈ സംഭവം ഞായറാഴ്ചയാചരണത്തിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നതായും ബിഷപ് ചൂണ്ടിക്കാട്ടി. 

Dukrana-photo-3

ഉച്ചകഴിഞ്ഞു നടന്ന പ്രിസ്ബിറ്റേറിയത്തിലും പ്രിസ്ബിറ്റൽ കൗൺസിലിലും രൂപതയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവിയിലേക്കാവശ്യമായ നയപരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു. ഈ ചർച്ചകളുടെ തുടർ വിചിന്തനത്തിനും കർമ്മ പരിപാടികൾ ആലോചിക്കുന്ന തിനുമായി സെപ്റ്റംബർ 17 മുതൽ 19 വരെ രൂപതയിലെ എല്ലാ വൈദികരുടെയും സമ്മേളനം കൂടുവാനും യോഗം തീരുമാനിച്ചു. ദുക്റാനത്തിരുനാളാചരണത്തിനും പ്രിസ്ബിറ്ററൽ കൗൺസിൽ  സമ്മേളനത്തിലും രൂപതയുടെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം വൈദികർ സംബന്ധിച്ചു.