ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി

2019-04-22 02:05:49am | ജോർജ് മാത്യു

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവും സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിച്ചു. ശനിയാഴ്ച വൈകീട്ട് സന്ധ്യാ നമസ്കാരം, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, ആശിർവാദം എന്നിവ നടന്നു.

22ന് ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം, വി. കുർബാന, റാസ, ധൂപപ്രാർത്ഥന, ആശിർവാദം തുടർന്ന് ആദ്യഫല ലേലം, നേർച്ച വിരുന്ന്, സ്നേഹവിരുന്ന് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. പെരുന്നാൾ ചടങ്ങുകൾക്ക് ഫാ. വർഗീസ് മാത്യു മുഖ്യ കാർമ്മികത്വം വഹിച്ചു.

ഇടവക വികാരി ഫാ. ഹാപ്പി  ജേക്കബ്, ഫാ. വർഗീസ് ജോൺ എന്നിവർ സഹകാർമികരായിരുന്നു. കഷ്ടതകൾക്ക് നടുവിൽ മാലാഖയെ പോലെ പ്രശോഭിക്കപ്പെട്ട സ്തേഫാനോസ് സഹദായുടെ ജീവിതദർശനം സ്വർഗ്ഗതുല്യമായിരുന്നു എന്ന് കുർബാന മധ്യയുള്ള പ്രസംഗത്തിൽ ഫാ. വർഗീസ് മാത്യു എടുത്തുകാട്ടി.

തലമുറകൾക്ക് സഹദായുടെ ജീവിതനൈർമ്മല്യം നമ്മുടെ ജീവിത വിജയത്തിന് അനിവാര്യമാണെന്നും അച്ചൻ ചൂണ്ടിക്കാട്ടി. റാസയിലും ആദ്യ ഫല ലേലത്തിലും സ്നേഹവിരുന്നിലും പങ്കെടുത്ത് ആത്മസംതൃപ്തിയോടെയാണ് വിശ്വാസികൾ ഭവനങ്ങളിലേക്ക് മടങ്ങിയത്. ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി മോൻസി എബ്രഹാം, മാനേജിങ്ങ് കമ്മിറ്റിയംഗങ്ങൾ ആധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.