വാഗ്ദാന പാലനത്തിന് മേയ് സര്‍ക്കാര്‍, കൂടുതല്‍ ഫ്രീ സ്‌കൂളുകള്‍ വരുന്നു, വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണത്തിന് കൈയയച്ച് ഫണ്ട്

2017-03-10 08:07:00am |

ലണ്ടന്‍: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനുറച്ച് സര്‍ക്കാര്‍. വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി പൊതുസ്‌കൂളുകളുടെ എണ്ണവും വര്‍ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കുമെന്ന് വാഗ്ദാനം. പ്രാരംഭ നടപടിയായി ഗ്രാമര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഫ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലക്ഷ്യം കൈവരിക്കുന്നതിനായി 320 മില്യണ്‍ പൗണ്ടിന്റെ പാക്കേജിലുള്‍പ്പെടുത്തി സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ ബജറ്റില്‍ ഇതിനായുള്ള പദ്ധതികളുണ്ടാകും. നിലവിലെ തീരുമാനം അനുസരിച്ച് 140 പുതിയ സ്‌കൂളുകള്‍ നിര്‍മിക്കും. പദ്ധതി പൂര്‍ണമായും പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തൊട്ടൊകെ 70,000 വിദ്യാര്‍ഥികള്‍ക്ക് പുതുതായി പ്രവേശനം നല്‍കാനും കഴിയും. പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുന്നതിനു പുറമേ നിലവിലുളളവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റില്‍ ഫണ്ട് വകയിരുത്തും. 216 മില്യണ്‍ പൗണ്ട് ഇതിനായി ഉപയോഗപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. പഴയ സ്‌കൂളുകളുടെ പുനര്‍നിര്‍മാണവും നവീകരണവും അടക്കമുള്ളവയ്ക്കാണ് തുക വകയിരുത്തുക.

പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിനു മുന്‍തൂക്കം നല്‍കിയാണ് വിദ്യാഭ്യാസ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഉന്നതകേന്ദ്രങ്ങള്‍ വിശദീകരിച്ചു. 2020 ഓടെ അഞ്ഞൂറ് പുതിയ ഫ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന വാഗ്ദാനത്തിന്റെ പാലനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന തെരേസാ മേയുടെ ശരത്കാല പ്രഖ്യാപനവും ഫ്രീ സ്‌കൂളുകളുടെ നിര്‍മാണത്തിന് ഫണ്ടിറക്കാന്‍ സര്‍ക്കാരിന് പ്രേരകമായി.