ബ്രിട്ടണ് പിന്നാലെ നെതര്‍ലന്‍ഡ്‌സും യൂറോപ്യന്‍ യൂണിയന്‍ വിടുന്നു? തീവ്രവലതുപക്ഷം വിജയിച്ചാല്‍ ഇയുവിന് വീണ്ടും തിരിച്ചടിയാകും

2017-03-16 03:12:13am |

ആംസ്റ്റര്‍ഡാം: ബുധനാഴ്ച നെതര്‍ലന്‍ഡ്‌സില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് ആ രാജ്യത്തിനും യൂറോപ്യന്‍ യൂനിയനും ഒരുപോലെ നിര്‍ണായകം. പ്രധാനമന്ത്രി  മാര്‍ക് റുട്ടെയുടെ പീപ്ള്‍സ്  പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസിയും തീവ്രവലതുപക്ഷ കക്ഷിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡവും തമ്മിലാണ് പ്രധാന പോര്. ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലം സൃഷ്ടിച്ച ആത്മവിശ്വാസത്തിന്റെ പുറത്ത് പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന് അഭിപ്രായ വോട്ടെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചത് യൂറോപ്യന്‍ യൂനിയന്‍ നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പാര്‍ട്ടി  അധികാരത്തിലെത്തിയാല്‍, യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകുമെന്നാണ് നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സ് മാനിഫെസ്‌റ്റോയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ,  രാജ്യത്ത് മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തുമെന്നും മുസ്‌ലിം പള്ളികള്‍ അടച്ചുപൂട്ടുമെന്നും ഖുര്‍ആന്‍ നിരോധിക്കുമെന്നും ഗീര്‍ട്ട് വില്‍ഡേഴ്‌സ് തന്റെ ഒറ്റപ്പേജ്  പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ തീവ്ര വലതുപക്ഷ ശക്തികളില്‍നിന്ന് മികച്ച പിന്തുണ ഈ പ്രഖ്യാപനങ്ങള്‍ക്ക് ലഭിച്ചതാണ് യൂനിയന്‍ നേതാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. 2012ലെ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന യൂറോപ്യന്‍ യൂനിയന്‍ തെരഞ്ഞെടുപ്പിലും ശരാശരി പ്രകടനം കാഴ്ചവെച്ച  ഈ നവ നാസി പാര്‍ട്ടി, പശ്ചിമേഷ്യയില്‍നിന്നുള്ള കുടിയേറ്റങ്ങള്‍ക്കെതിരെ കടുത്ത നിലപാട്  സ്വീകരിച്ചിരുന്നു. ഇത് മറ്റു വലതുപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്.

യൂറോപ്പില്‍ പൊതുവെ തീവ്ര വലതുപക്ഷ കക്ഷികള്‍ക്ക് ലഭിക്കുന്ന പിന്തുണയും പാര്‍ട്ടിക്ക്  ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍, ബ്രെക്‌സിറ്റിന് സമാനമായ സംഭവവികാസങ്ങള്‍ നെതര്‍ലന്‍ഡ്‌സിലും പ്രതീക്ഷിക്കാം. 2012ലെ  തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 14 സീറ്റാണ് ലഭിച്ചത്. ഇത്തവണ അത് 30ലെത്തിക്കുമെന്നാണ് കണക്കുകൂട്ടല്‍. റൂട്ടെയുടെ കക്ഷിക്ക് 15,040 സീറ്റാണുള്ളത്. 35 സീറ്റുള്ള ലേബര്‍ പാര്‍ട്ടിയുടെ  പിന്തുണയോടെയായിരുന്നു ഭരണം മുന്നോട്ടുപോയിരുന്നത്. ഇത്തവണയും ആര്‍ക്കും കേവല ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ രൂപവത്കരണത്തിന്  മാസങ്ങളെടുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകംതന്നെ ഫലം പുറത്തുവിടുന്ന സംവിധാനമാണ് നെതര്‍ലന്‍ഡ്‌സില്‍. എന്നാല്‍, പലപ്പോഴും ഇത് സാധിക്കാറില്ല. കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്ന് അഞ്ചാം നാളിലാണ് ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടായത്.