Latest News

വെറുതെ മലയാളം പഠിക്കുകയല്ല , ഗൗരവത്തോടെ മലയാളം പഠിക്കാം! മലയാളം മിഷൻ യുകെയിലേക്ക് , നോഡൽ ഏജൻസിയുടെ റോളിൽ യു കെ പങ്കാളിത്തം കവൻട്രി കേരള സ്‌കൂളിന്, മിഷൻ ഡയറക്ടർ യുകെ എത്തുന്നു

2017-08-13 03:31:15am | ലാലു സ്കറിയ
ഏറെ വർഷങ്ങളായുള്ള യുകെ മലയാളികളുടെ സ്വപ്നം പൂവണിയിക്കാൻ കേരള സർക്കാർ നടപടി തുടങ്ങി . സ്വന്തം ഭാഷയും സംസ്ക്കാരവും മക്കളിലേക്കു പകരണം എന്നാശിക്കുന്ന യുകെ മലയാളികളുടെ സ്വപ്നത്തിനു നിറമണിയിച്ചു  മലയാളം പഠന പദ്ധതി ഉടൻ ആരംഭിക്കാൻ തയ്യാറെടുക്കയാണ് നോർക്കയുടെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ . ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി യുകെ യിൽ മലയാളം പഠിപ്പിക്കുന്ന അസോസിയേഷനുകളെയും സംഘടനകളെയും കോർത്തിണക്കുന്നതിനുള്ള നോഡൽ ഏജൻസിയായി അടുത്തിടെ പ്രവർത്തനം ആരംഭിച്ച കവൻട്രി കേരള സ്‌കൂളിനെ തെരഞ്ഞെടുത്തതായി മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ  ജോർജ് അറിയിച്ചു .
 
മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം താല്പര്യമെടുക്കുന്ന പദ്ധതി വേഗതയിൽ മുന്നോട്ടു കൊണ്ട് പോകുന്നതിനു മലയാളം മിഷൻ ഡയറക്ടർ ഒക്ടോബറിൽ ബ്രിട്ടൻ സന്ദർശിക്കും . അതിനു മുൻപായി യുകെ മലയാളികളുടെ മലയാള പഠന കേന്ദ്രങ്ങളെ കൂട്ടിയിണക്കാനുള്ള ശ്രമം കേരള സ്‌കൂൾ ഏറ്റെടുക്കുകയാണെന്നു ഗവേണിങ് ബോഡി ചെയര്മാന് ബീറ്റാജ് അഗസ്റ്റിൻ , പ്രധാന അധ്യാപകൻ എബ്രഹാം കുര്യൻ എന്നിവർ അറിയിച്ചു .
 
ഇതിന്റെ ഭാഗമായി ഇന്നലെ കോട്ടയത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ  നടന്ന പരിശീലന കളരിയിൽ കവൻട്രി കേരള സ്‌കൂൾ ഗവേണിങ് ബോഡി അംഗങ്ങളായ ബീറ്റജ് അഗസ്റ്റിൻ , ലാലു സ്കറിയ , ജിനു കുര്യാക്കോസ് , അയർലൻഡ് പ്രധിനിധി ബസ്‌റജ് മാത്യു , യുക്മ പ്രെസിഡന്റ്റ് മാമ്മൻ ഫിലിപ് എന്നിവർ പങ്കാളികളായി . മലയാളം മിഷൻ പ്രോജക്ട് ഓഫീസർ അജിലാൽ , കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവർ ക്‌ളാസുകൾക്കു നെത്ര്വതം നൽകി .
 
മുഴു ദിന പരിശീലന പരിപാടിയിൽ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി കേരള സ്‌കൂളിന്റെ പ്രവർത്തന ഘടനയും മറ്റും വിശദമായ ചർച്ചയ്ക്കു കാരണമായി .  ഏതാനും മാസങ്ങളായി കവൻട്രി കേരള സ്‌കൂൾ പ്രധാന അധ്യാപകൻ എബ്രഹാം കുര്യൻ മലയാളം മിഷനുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് ഇന്നലെ പരിശീലന കളരി സംഘടിപ്പിക്കാൻ സാധിച്ചത് . കേരള സ്‌കൂളിനെ യുകെ യിലെ നോഡൽ ഏജൻസിയായി തിരഞ്ഞെടുത്ത വിവരം കഴിഞ്ഞ ആഴ്ച തന്നെ മലയാളം മിഷൻ രേഖാമൂലം അറിയിച്ചിരുന്നു . വെറും മൂന്നു മാസത്തെ പ്രവർത്തനം വഴി കേരള സർക്കാരിന്റെ അഭിമാന പദ്ധതിയുടെ ഭാഗമാകാൻ കഴിയുന്നത് സ്വപ്ന തുല്യ നേട്ടമായി കവൻട്രി കേരള സ്‌കൂൾ പ്രവർത്തക സമിതി വിലയിരുത്തി . 
പഠനം പൂർത്തിയാക്കിയാൽ കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റ് 
വെറുതെ മലയാളം പഠിക്കുകയല്ല , ഗൗരവത്തോടെ മലയാളം പഠിക്കുകയാണ് പ്രവർത്തണം വഴി ലക്ഷ്യമിടുന്നതെന്ന് മലയാളം മിഷൻ വക്തമാക്കുന്നു . ഇതിനായി വളരെ ബൃഹത്തായ പാഠ്യ പദ്ധതി തന്നെയാണ് മലയാള മിഷൻ രൂപം നൽകിയിരിക്കുന്നത് . ഈ പാഠ്യ പദ്ധതികളെ നാലായി തിരിച്ചാണ് പഠനം മുന്നോട്ടു നീങ്ങുക . കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്ന പേരുകളായ കണിക്കൊന്ന , സൂര്യകാന്തി , ആമ്പൽ , നീലക്കുറിഞ്ഞി എന്നിവയാണ് നാല് പ്രധാന പാഠ്യ പദ്ധതികൾ . ഇവ നാലും പൂർത്തിയാക്കുന്ന കുട്ടികൾക്ക് കേരള സർക്കാരിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ മലയാളം മിഷൻ സമ്മാനിക്കും . ഓരോ പാഠ്യ പദ്ധതിയിലും പ്രത്യേക പരീക്ഷ നടത്തിയാണ് കുട്ടികളെ മലയാള പഠനത്തിന് പ്രാപ്തരാക്കി മാറ്റുന്നതെന്നു ഇന്നലെ നടന്ന പരിശീലന പരിപാടിയിൽ വക്തമാക്കപ്പെട്ടു .
 
മൂന്നു ദിവസത്തെ പരിശീലനം ഒറ്റ ദിവസമാക്കി ചുരുക്കിയാണ് കവൻട്രി കേരള സ്‌കൂളിന് വേണ്ടി മിഷൻ അവതരിപ്പിച്ചത് . ഈ പരിപാടിയിൽ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള സ്‌കൂൾ ഗവേണിങ് അംഗങ്ങളായ ബീറ്റജ് അഗസ്റ്റിൻ , ലാലു സ്കറിയ , ജിനു കുര്യാക്കോസ് എന്നിവർ ഇപ്പോൾ കേരളത്തിൽ എത്തിയിട്ടുള്ളത് . അയർലണ്ടിൽ നിന്നും താൽപ്പര്യം പ്രകടിപ്പിച്ച മേഖല കേന്ദ്രത്തിനു വേണ്ടിയാണു ബസ്‌റജ് മാത്യു എത്തിയത് . യുകെ യിൽ നടപ്പാക്കുന്ന പദ്ധതിയിൽ യുക്മയുടെ പൂർണ സഹകരണം ഉണ്ടാകുമെന്നു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മാമ്മൻ ഫിലിപ് കേരളം സ്‌കൂൾ കവൻട്രി പ്രതിനിധികളെ അറിയിച്ചു . 
 
മലയാളത്തെ മറക്കാതിരിക്കാം , പഠനം ലളിതമാക്കാം 
 
മലയാളം കേട്ട് വളരാത്ത കുഞ്ഞുങ്ങളിൽ അന്യഭാഷാ പഠനം എന്ന ഭീതി സൃഷ്ടിക്കാതെ ലളിതമായ ശൈലിയിൽ മലയാളം പഠിപ്പിക്കുന്ന രീതിയാണ് മിഷന്റെ ലക്ഷ്യമെന്ന് ഡയറക്ടർ സുജ സൂസൻ വക്തമാക്കുന്നു . കളിയും ചിരിയും പാട്ടും കഥയും ഒക്കെയായി മുന്നേറുന്ന മലയാള പഠനം ആറു വയസു മുതൽ മുകളിലേക്കുള്ള കുട്ടികൾക്ക് വേണ്ടിയാണു വിഭാവനം ചെയ്തിരിക്കുന്നത് . രണ്ടു വര്ഷം കൊണ്ട് സർട്ടിഫിക്കറ്റു കോഴ്സ് , തുടർന്ന് രണ്ടു വര്ഷം കൊണ്ട് ഡിപ്ലോമ കോഴ്സ് , തുടർന്ന് മൂന്നു വര്ഷം കൊണ്ട് ഹയർ ഡിപ്ലോമ കോഴ്സ് , തുടർന്നുള്ള മൂന്നു വര്ഷം സീനിയർ ഹയർ ഡിപ്ലോമ കോഴ്സ് എന്ന മുറയ്‌ക്കാണ്‌ മലയാളം പഠനം മുന്നേറുക . പത്തു വര്ഷം കൊണ്ട് പഠനം പൂർത്തിയാകുന്ന തരത്തിലുള്ള സമഗ്രമായ പദ്ധതിയാണ് മലയാളം മിഷൻ രൂപപ്പെടുത്തിയിരിക്കുന്നത് .
 
ഓരോ സർക്കാരും നോർക്കയുടെ കീഴിൽ ആവശ്യത്തിന് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും കൃത്യമായ വീക്ഷണ കുറവിൽ കാര്യമായി മുന്നേറാൻ വിഷമിച്ച മലയാളം മിഷന്റെ നിലവിലെ ഡയറക്ടർ സുജ സൂസൻ ജോർജിന്റെ ആൽമാർത്ഥതയും പദ്ധതിയോടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രത്യേക താൽപ്പര്യവും മൂലം മുന്നേറാൻ കുതിക്കുന്ന മിഷന്റെ പ്രവർത്തനം വിദേശ രാജ്യങ്ങളിൽ വേര് പിടിച്ചാൽ പിന്നീട് ഒരു സർക്കാരിനും അതിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം . മലയാള പഠന കേന്ദ്രങ്ങൾ യഥാർത്ഥ സ്‌കൂളുകളെ പോലെ തന്നെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ നടത്തിപ്പുകാർക്കും ഉത്തരവാദിത്തമേറുകയാണ് . സ്‌കൂൾ പ്രവർത്തനത്തിലും മിഷൻ പാഠ്യ പദ്ധതിയുടെ മുന്നേറ്റത്തിലും സർക്കാരിന്റെ കണ്ണ് ഉണ്ടാകുമെന്നു വെക്തം . 
 
മേഖല കേന്ദ്രത്തിനും നിർണായക റോൾ 
 
യുകെ യിലെ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി കേരള സ്‌കൂളിന് നിർണായകമായ റോൾ ഉണ്ടെന്നു മലയാളം മിഷൻ വക്തമാക്കി . യുകെ യിലെ മിഷന്റെ പ്രവർത്തനം കേരള സ്‌കൂൾ വഴിയാകും യുകെ മലയാളികളിൽ എത്തുക . മേഖല കേന്ദ്രം കോ ഓഡിനേറ്റർ ആയി നിയമിതനായ അബ്രഹാം കുര്യന് യുകെ യിലെ മലയാള പഠന കേന്ദ്രങ്ങളെ മിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ചുമതലയും ലഭിച്ചിട്ടുണ്ട് .
 
വരും നാളുകളിൽ മലയാള പഠനം നടക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി മിഷനുമായി കൂട്ടിയിണക്കുക എന്ന ജോലിയാണ് മേഖല കേന്ദ്രം നിർവഹിക്കുക . ഇതിനായി മേഖല കേന്ദ്രത്തിനു സഹായമാകുന്ന വിധം വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി നിർവാഹക സമിതി രൂപീകരിക്കുന്ന കാര്യവും കേരള സ്‌കൂൾ പരിഗണിക്കുകയാണ് . നിർവാഹക സമിതിക്കായി സമയം മാറ്റി വയ്ക്കാൻ താൽപ്പര്യം ഉള്ളവർ മേഖല കേന്ദ്രം കോ ഓഡിനേറ്റർ അബ്രഹാം കുര്യനെ ബന്ധപ്പെടണം . 
ആകസ്മിക തുടക്കം , അവിചാരിത നേട്ടം 
 
ഏതാനും സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയിൽ വിരിഞ്ഞ ആശയമാണ് കവൻട്രി കേരള  സ്‌കൂൾ എന്ന പേരിൽ യുകെ മലയാളികൾക്ക് അഭിമാനമായി മാറുന്നത് . നൂറു കണക്കിന് മലയാളി കുടുംബങ്ങൾ ഉള്ള കവൻട്രിയിൽ പരീക്ഷണം എന്ന നിലയിൽ കാര്യമായി ചർച്ച പോലും ചെയ്യാതെ 30 കുട്ടികൾക്ക് വേണ്ടി ആരംഭിക്കാൻ ശ്രമിച്ച സ്‌കൂൾ പ്രവേശന സമയത്തു തന്നെ കുട്ടികളുടെ എണ്ണം എഴുപത്തായും ക്‌ളാസുകൾ മൂന്നായും ഉയർത്തേണ്ടി വന്ന അനുഭമാണ്‌ സ്‌കൂൾ പ്രവർത്തക സമിതി പങ്കിടുന്നത് . ഗവേണിങ് ബോഡി അംഗങ്ങളോടൊപ്പം പൂർണ സമയവും വളന്ററിയർമാരായി സമീക്ഷ യുകെ ജോയിന്റ് സെക്രട്ടറി  സ്വപ്‍ന പ്രവീൺ , വാർവിക് കൗൺസിൽ ജീവനക്കാരൻ ഷിൻസൺ മാത്യു എന്നിവർ കൂടി ഫാക്കൽറ്റി അംഗങ്ങളായി സജ്ജരായതോടെ ടോപ് ഗിയറിൽ കുതിക്കുകയാണ് കവൻട്രി കേരള സ്‌കൂൾ .
 
വെറും മൂന്നു മാസം കൊണ്ട് ആദ്യ ഘട്ട പരീക്ഷ നടത്തിയാണ് സമ്മർ അവധിക്കായി സ്‌കൂൾ പിരിഞ്ഞിരിക്കുന്നതു . ആദ്യ പരീക്ഷയിൽ 20 മുതൽ 92 ശതമാനം വരെ മാർക്ക് വാങ്ങിയാണ് കുട്ടികൾ അത്ഭുതപ്പെടുത്തിയിരിക്കുന്നത് . വിരലിൽ എണ്ണാവുന്ന കുട്ടികൾ മാത്രമാണ് പഠനവുമായി പൊരുത്തപ്പെടുവാൻ പ്രയാസപ്പെടുന്നതും , ക്‌ളാസുകൾ മിസ്സാക്കിയതാണ് ഇതിനു കാരണമെന്നും സ്‌കൂൾ കൗൺസിൽ നടത്തിയ നിരീക്ഷണത്തിൽ വക്തമായിട്ടുണ്ട് . ഇക്കാര്യം സ്‌കൂൾ പ്രവർത്തന റിപ്പോർട്ട് ആയി തയ്യാറാക്കി ഉടൻ മാതാപിതാക്കൾക്ക് എത്തിക്കാൻ ഉള്ള ശ്രമവും തുടങ്ങിയിട്ടുണ്ട് .
 മൂന്നു മാസം കൊണ്ട് കുട്ടികൾ മലയാളം എഴുതാനും ചോദ്യങ്ങൾക്കു വാക്കുകളിൽ ഉത്തരം പറയാനും ചെറു കവിതകൾ ചൊല്ലാനും പഠിച്ച അനുഭവം ഏറെ പ്രചോദനമായി മാറുകയാണ് . കവൻട്രി സ്‌കൂൾ പ്രവർത്തനത്തിൽ അമ്മമാരുടെ സേവനമാണ് ഏറെ നിരനായകമായി മാറുന്നത് . ഓരോ ക്‌ളാസിലും മാതാപിതാക്കളുടെ നിര്ബന്ധ പങ്കാളിത്തം സ്‌കൂൾ പ്രവർത്തനത്തിന് ഏറെ സഹായകമായി മാറുന്നുണ്ടെന്നു അധ്യാപകർ വക്തമാക്കുന്നു . സാമൂഹ്യ പ്രവർത്തനത്തിൽ ഏറെ ഊർജ്ജം പങ്കു വച്ചിട്ടുള്ള  ബീറ്റജ് അഗസ്റ്റിൻ , കെ ആർ ഷൈജുമോൻ , എബ്രഹാം കുര്യൻ , ലാലു സ്കറിയ ,  ഷൈജി ജേക്കബ് , ജിനു കുര്യാക്കോസ് , ഹരീഷ് നായർ എന്നിവരാണ് സ്‌കൂൾ പ്രവർത്തനത്തിന് നെത്ര്വതം നൽകുന്നത് . 
മലയാളം മിഷൻ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി കേരള സ്‌കൂളുമായി ബന്ധപ്പെടുവാൻ 
keralaschoolcoventry@gmail.com / abhraham kurien 07 8 8 2791150