Latest News

മാഞ്ചസ്റ്ററിലെ ക്‌നാനായ സമൂഹത്തിനായി ക്‌നായി തൊമ്മനായി വേഷമണിഞ്ഞു, ആഘോഷങ്ങളില്‍ എന്നും മുന്നില്‍! പോള്‍ മാത്യുവിന്റെ സംസ്‌കാരം യുകെയില്‍ നടക്കും, മാതാപിതാക്കള്‍ നാട്ടില്‍ നിന്ന് എത്തും

2017-03-18 04:03:47am |

മാഞ്ചസ്റ്റര്‍: ചൊവ്വാഴ്ച വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയ പോള്‍ മാത്യുവിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടക്കും. അവയദാനത്തിനുശേഷം ബോഡി വിട്ടുകിട്ടിയതിനു ശേഷമായിരിക്കൂം ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തീരുമാനിക്കുക. ഇതിനായി പോളിന്റെ മാതാപിതാക്കള്‍ ബംഗ്ലൂരില്‍ നിന്നുമെത്തും. കോട്ടയം കൂടല്ലൂര്‍ സ്വദേശികളാണെങ്കിലും പോളിന്റെ കുടുംബം ബാംഗളൂരിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. അച്ഛനും അമ്മയും യുകെയിലേക്ക് പുറപ്പെടുവാനായുള്ള തയ്യാറെടൂപ്പിലാണ്. നാലു സഹോദരങ്ങളൂം ഒരു സഹോദരിയുമാണ് പോളിനുള്ളത്.

ഇതില്‍ ഒരാള്‍ ഓസ്‌ട്രേലിയയിലും, ഒരാള്‍ സിംഗപ്പുരിലും ഒരാള്‍ ബാംഗ്ലൂരിലുമാണ്. ലണ്ടനിലെ ഹൈവൈക്കൊബ്ബെയില്‍ ജേക്കബ് എന്ന സഹോദരനുണ്ട്. ഇതിനുപുറമേ ഭാര്യയുടെ സഹോദരന്‍ കേംബ്രിഡ്ജിലും താമസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മൃതദേഹം ഇവിടെത്തന്നെ അടക്കാമെന്ന് കുടുംബാഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കോട്ടയം കൂടല്ലൂര്‍ സ്വദേശിയാണെങ്കിലും പോള്‍ ജനിച്ചുവളര്‍ന്നത് മദ്രാസിലായിരുന്നു. ഭാര്യ മിനി വളര്‍ന്നത് ബാംഗ്ലൂരിലും. അതുകൊണ്ടുതന്നെ രണ്ടുപേര്‍ക്കും ആദ്യകാലങ്ങളില്‍ മലയാളം നന്നായി വഴങ്ങുമായിരുന്നില്ല. പൂര്‍ണ്ണമായി മലയാളം മനസ്സിലാവാഞ്ഞിട്ടും ഈ കുടുംബം മാഞ്ചസ്റ്റര്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെയും ക്‌നാനായ ചാപ്ലയന്‍സിയുടെയും എല്ലാ പരിപാടികളിലെയും സജീവ സാന്നിദ്ധ്യമായിരുന്നു. ഒരു മലയാളം കുര്‍ബാനപോലും പോളും കുടുംബവും മുടക്കിയിട്ടില്ല എന്നാണ് ഈ കുടുംബത്തെ അടുത്തറിയാവുന്നവര്‍ പറയുന്നത്.

ആശുപത്രിയിലെ കാര്യങ്ങള്‍ക്കും മൃതദേഹം ഏറ്റുവാങ്ങുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ക്കുമായ് ഫാദര്‍ സജി മലയിലിന്റെ നേതൃത്വത്തിലുള്ള മലയാളികളുടെ സംഘവും ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മലയാളി സംഘടന നേതാക്കളും മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിലെ പ്രധാന അംഗങ്ങളെല്ലാവരും കുടുംബത്തിന് സഹായമായി നിലകൊള്ളുന്നുണ്ട്.

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ സ്‌കൈഷെഫ് എന്ന കമ്പനിയിലായിരുന്നു പോള്‍ ജോലിചെയ്തിരുന്നത്. പോള്‍ കൂടല്ലൂര്‍ പല്ലാട്ടുമഠം(ഉള്ളാട്ടില്‍) കുടുബാംഗമാണ് എടാട്ടുകുന്നേല്‍ കുടുബാംഗമാണ് ഭാര്യ മിനി. വിഥിന്‍ഷോ ഹോസ്പിറ്റലില്‍ എന്‍ഡോസ്‌കോപ്പി വിഭാഗം നഴ്‌സാണ് പോളിന്റെ മിനി. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികളുള്ളതില്‍ മൂത്തകുട്ടിയാണ് പോളിനൊപ്പം അപകത്തില്‍പ്പെട്ട ആഞ്ചലൊ. സംഭവദിവസം സ്‌കൂളിലെ ക്വയറില്‍ അംഗമായ ആഞ്ചലോയെ അവിടെനിന്നും വിളിച്ച് പോള്‍ മടങ്ങുമ്പോഴായിരുന്നു നിയന്ത്രണംവിട്ട കാറിന്റെ രൂപത്തില്‍ ദുരന്തം പാഞ്ഞടുത്തത്. അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ തകര്‍ന്നിരിക്കുകയാണ് പോളിന്റെ  ഭാര്യ മിനിയും മക്കളും.

വിഥിന്‍ഷോയിലെ മലയാളി സുഹൃത്തുക്കള്‍ക്ക് പോളിനെക്കുറിച്ച് നല്ല ഓര്‍മകള്‍ മാത്രമാണ് പങ്കുവയ്ക്കാനുള്ളത്. സൗമ്യപ്രകൃതമുള്ള വ്യക്തിയായിരുന്നു പോളെന്ന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നൂ. മാഞ്ചസ്റ്റര്‍ ക്‌നാനായ അസോസിയേഷന്റേയും സജീവ പ്രവര്‍ത്തകനായിരുന്നൂ പോള്‍. സ്‌നേഹം മാത്രം പങ്കുവെച്ച് നടന്നിരുന്ന, കുശലാന്വേഷണങ്ങള്‍ നടത്തി എപ്പോഴും സൗമ്യതയോടെ ഓടിയെത്തിയിരുന്ന ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇവിടെയുള്ള മലയാളി സുഹൃത്തുക്കളും പരിചയക്കാരും.

പോളിനെക്കുറിച്ചോര്‍ക്കുമ്പോള്‍ യു.കെ.യിലെ ക്‌നാനായക്കാരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു പക്ഷേ ബനിയനും മുണ്ടും ധരിച്ച് തലയില്‍ തോര്‍ത്ത് കെട്ടി വെഞ്ചാമരം വീശി നില്‍ക്കുന്ന ചിത്രമായിരിക്കും. മാഞ്ചസ്റ്ററിലെ ക്‌നാനായ കൂട്ടായ്മകളിലും പള്ളിപ്പെരുന്നാളുകളിലും ക്‌നാനായ ചാപ്ലയന്‍സിയുടെ തിരുനാളിലും യു.കെ.കെ.സി.എ. റാലിയിലും എന്നും ചുണ്ടിലെ മങ്ങാത്ത ചിരിയുമായി സഹകരിച്ചിരുന്നു പോള്‍.

റാലിയിലും പ്രദക്ഷിണത്തിനുമൊക്കെ മോടികൂട്ടാനായി വേഷങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആരും അണിയാന്‍ മടിക്കുന്ന വേഷങ്ങള്‍ എന്നും ഒടുവില്‍ തേടിയെത്തുന്നത് പോളിനെ ആയിരിക്കും. കാരണം പോളിന്റെ കുടുംബത്തില്‍ നിന്നാരും 'പറ്റില്ല' എന്നൊരു വാക്ക് പറയുന്നത് മലബാറിലെ ക്‌നാനായക്കാര്‍ കേട്ടിട്ടില്ല. മാഞ്ചസ്റ്ററിന് ഏറെ പെരുമനേടിക്കൊടുത്ത ക്‌നായിത്തൊമ്മന്റെ വേഷമണിഞ്ഞതും പോളല്ലാതെ മറ്റാരുമായിരുന്നില്ല.