അവള്‍ എന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു; പരാതി നല്‍കിയത് പ്രതിശ്രുത വരനടക്കം പിന്തുണ നല്‍കിയപ്പോള്‍: ലാല്‍

2017-02-21 06:03:16am |

കൊച്ചി: നഗരത്തില്‍ ആക്രമിക്കപ്പെട്ട പ്രമുഖ നടി അഭയം തേടിയെത്തിയത് സംവിധായകനും നടനും നിര്‍മ്മാതാവുമായ ലാലിന്റെ വീട്ടിലേക്ക്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവം വിവരിക്കുമ്പോള്‍ സംവിധായകന്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാല്‍ ഇക്കാര്യം വിവരിച്ചത്.

പേടിച്ചരണ്ട് വീട്ടിലേക്ക് കയറിവന്ന നടി തന്റെ ഞെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നെന്ന് ലാല്‍ പറഞ്ഞു. പുലര്‍ച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തി. അവര്‍ ഭാവനയ്ക്ക് പുര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. ആദ്യം മണിക്കൂറുകളില്‍ സംഭവം പുറത്തറിയരുതെന്ന നിലപാടിലായിരുന്നു നടി. എന്നാല്‍ പ്രതിശ്രുത വരനടക്കം പിന്തുണ നല്‍കിയതോടെ എവിടെയും തുറന്ന് പറയാമെന്നും പരാതി നല്‍കാമെന്നും നടി തീരുമാനിക്കുകയായിരുന്നു.

സംഭവത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ വിവരമറിഞ്ഞയാളാണ് സംവിധായകന്‍ ലാല്‍. അദ്ദേഹം നടിക്കുണ്ടായ അനുഭവം വിവരിച്ചപ്പോള്‍ കേട്ടിരുന്ന മറ്റ് താരങ്ങളുടെയും കണ്ണ് നിറഞ്ഞു.