Latest News

ഡീമോണിറ്റൈസേഷന്‍, തെരേസാ മേയ് സ്‌റ്റൈല്‍! പുതിയ പൗണ്ട് കോയിന്‍ നിലവില്‍ വന്നു, പഴയത് ഇനി എന്തു ചെയ്യും? കുട്ടികള്‍ ശേഖരിച്ചു വച്ചിരിക്കുന്ന നാണയത്തുട്ടുകള്‍ എന്തു ചെയ്യും?

2017-03-28 03:10:45am |

ലണ്ടന്‍: നോട്ടുകളുടെയും നാണയത്തുട്ടുകളുടെയും ഇടയിലേക്ക് പുതിയൊരു അതിഥി കൂടി. യുകെയില്‍ പുതിയ ഒരു പൗണ്ട് നാണയത്തുട്ടുകള്‍ വിപണനത്തിന് എത്തുന്നു. 12 വശങ്ങളുള്ള നാണയം ഇന്നു മുതല്‍ പൊതുജനത്തിന് ലഭ്യമായി തുടങ്ങും. ഇതോടെ പഴയ നാണയത്തുട്ട് പൂര്‍ണമായും വിനിമയ യോഗ്യം അല്ലാതായി മാറും. എന്നാല്‍ ഇവ മാറിയെടുക്കാന്‍ ആറു മാസം കൂടി സമയം നല്‍കിയിട്ടുണ്ട്. പുതിയവയ്‌ക്കൊപ്പം അതുകൊണ്ടു തന്നെ പഴയതും വിപണിയില്‍ ഉണ്ടാകുമെന്നു സാരം. ഒക്ടോബര്‍ 15 ആകുമ്പോഴേക്കും ഇതു പൂര്‍ണമായി വിനിമയം അവസാനിപ്പിക്കും.

വലിയൊരു ശേഖരം പൗണ്ട് നാണയങ്ങള്‍ സേവിങ്‌സ് ജാറുകളിലാണുള്ളതെന്നും ഇതില്‍ മൂന്നിലൊന്ന് അഥവാ 400 മില്യണ്‍ പൗണ്ടിന്റെ നാണയങ്ങള്‍ ഒരു പൗണ്ടിന്റേതാണെന്നും വിശ്വസിക്കപ്പെടുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം കടമെടുത്താണ്  ബ്രട്ടണ്‍  പരിഷ്‌ക്കാരം നടത്തിയതെന്ന് വ്യാപകമായി പ്രചാരണമുണ്ട് പഴയ ഒരു പൗണ്ടിന്റെ നാണയം പിന്‍വലിച്ചുകൊണ്ടാണ് ബ്രിട്ടന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ നാണയത്തിന്റെ വ്യാജനെ നിര്‍മ്മിക്കാന്‍ സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. 1983ന് ശേഷം അവതരിപ്പിക്കുന്ന ആദ്യത്തെ ഒരു പൗണ്ട് നാണയവുമാണിത്.

പുതിയ കോയിന്റെ ഡിസൈന്‍ രൂപകല്‍പ്പന ചെയ്തത് ക്യൂന്‍ മേരീസ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഡേവിഡ് പിയേര്‍സാണ്. റോയല്‍ മിന്റ് കോംപറ്റീഷനില്‍ ആറായിരത്തോളം എന്‍ട്രികളോട് മത്സരിച്ചാണ് 15കാരനായ ഡേവിഡ് പിയേഴ്‌സിന്റെ ഡിസൈനിന് അംഗീകാരം ലഭിച്ചത്. ബ്രിട്ടണില്‍ വളരെ പ്രശസ്തമായ റോസ്, ലീക്ക് (വെളുത്തുള്ളിയുടെ ചെടി), തിസില്‍ (മുള്‍ച്ചെടി), ഷാംറോക്ക് (മൂന്നു ഇലകളുള്ള ചെടി) എന്നിവയാണ് കോയിന്റെ ഉള്ളിലുള്ള ഡിസൈന്‍. റോയല്‍ കൊറോണെറ്റ് (കിരീടം) ല്‍ നിന്ന് ഈ നാല് ചെടികളും പൊങ്ങി നില്‍ക്കുന്നതാണ് പുതിയ കോയിന്റെ ഡിസൈന്‍.

1983 മുതല്‍ പ്രചാരത്തിലുള്ളതാണ് ഇപ്പോഴത്തെ കോയിന്‍. പഴയ സാങ്കേതിക വിദ്യയില്‍നിര്‍മ്മിച്ചിരിക്കുന്ന കോയിന് കാലപ്പഴക്കമായി, തന്നെയുമല്ല അതിന്റെ വ്യാജന്‍ നിര്‍മ്മിക്കാന്‍ എളുപ്പവുമാണ്. ഈ സാഹചര്യത്തിലാണ് പുതിയ കോയിന്‍ രൂപകല്‍പ്പന ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു പൗണ്ട് കോയിന്റെ മൂന്നു ശതമാനം വ്യാജ കോയിനുകളാണെന്നാണ് റോയല്‍ മിന്റിന്റെ കണക്ക്. അതായത് ഏകദേശം 45 മില്യണ്‍ പൗണ്ട്. യുകെയുടെ ചില ഭാഗങ്ങളില്‍ ഈ കണക്ക് ആറു ശതമാനമായി വരെ ഉയര്‍ന്നിട്ടുണ്ട്.

ആകൃതിയിലെ പ്രത്യേകതകയ്ക്ക് പുറമെ പുതിയ നാണയത്തിന് ഒട്ടേറെ നൂതന സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇതിന് മുകളിലുള്ള ഹോളോഗ്രാം അത്തരത്തിലുള്ള ഒന്നാണ്. ഇതിനാല്‍ ഇതിനെ അനുകരിക്കാന്‍ കൃത്രിമം നടത്തുന്നവര്‍ക്ക് സാധിക്കില്ല. മാര്‍ച്ച് 28 ഏവരുടെയും കലണ്ടറിലെ സുപ്രധാനമായ ദിവസമാണെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡേവിഡ് ഗൗക്ക് ഓര്‍മിപ്പിക്കുന്നു. ഇതൊരു ചരിത്രപരമായ നിമിഷമാണെന്നും 1983ന് ശേഷം രാജ്യം ഇതാദ്യമായിട്ടാണ് പുതിയ ഒരു പൗണ്ട് നാണയം പുറത്തിറക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പുതിയ കോയിന്‍ പുറത്തിറക്കുന്നതിനെ റീട്ടെയിലര്‍മാര്‍ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ ബിസിനസുകളും കസ്റ്റമര്‍മാരും ഇതിനെ മാറ്റി വാങ്ങാന്‍ തയ്യാറാവണമെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

പുതിയ കോയിനെ എത്രയും വേഗത്തിലും അനായാസമായും ചംക്രമണത്തില്‍ വരുമെന്ന് ഉറപ്പ് വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ചീഫ് എക്‌സിക്യൂട്ടീവായ ഹെലെന്‍ ഡിക്കിന്‍സന്‍ പറയുന്നത്. ഇത്തരത്തില്‍ പഴയ കോയിന്‍ മാറി പുതിയത് നിലവില്‍ വരുന്നതിന് സ്വാഭാവികമായ ട്രാന്‍സിഷന്‍ പിരിയഡ് എടുക്കുമെന്നും അദ്ദേഹം പറയുന്നു. ചില വെന്‍ഡിങ് സിസ്റ്റങ്ങളില്‍ പഴയ പൗണ്ട് കോയിന്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളും അത് പരിഹരിക്കാന്‍ ആവശ്യമായ സമയം വേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

രണ്ട് പൗണ്ട് കോയിന്റെ രണ്ട് ഡിസൈനുകളെക്കുറിച്ചും റോയല്‍ മിന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് ജെയിന്‍ ഓസ്റ്റിന്റെ 200ാം ജന്മദിനം പ്രമാണിച്ച് അവരുടെ ചിത്രം വച്ച് പുറത്തിറക്കുന്നതാണ്. രണ്ടാമത്തെ ഡിസൈനിലുള്ള രണ്ട് പൗണ്ട് നാണയത്തില്‍ ചിത്രീകരിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തിലെ എയര്‍ക്രാഫ്റ്റിനെയാണ്. പുതിയ 50 പെന്‍സ് നാണയത്തില്‍ വിശ്രുത ശാസ്ത്രജ്ഞനായ സര്‍ ഐസക്ക് ന്യൂട്ടനെയാണ് ചിത്രീകരിക്കുന്നത്.