മലേഷ്യൻ വിമാനദുരന്തം പൈലറ്റ് എടുത്ത ആത്മഹത്യാ തീരുമാനം? മലേഷ്യയുടെയും തായ്‌ലൻഡിന്റെയും ആകാശത്ത് പല തവണ പറപ്പിച്ച് നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കി

2018-05-17 02:28:36am |

ക്വാലലംപുർ: 239 യാത്രക്കാരുമായി 2014 മാർച്ച് എട്ടിന് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന്റെ ദുരൂഹ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ വഴിത്തിരിവിൽ. വിമാനത്തിന്റെ ക്യാപ്റ്റൻ സഹരി അമദ് ഷാ മനഃപൂർവം വിമാനം കടലിൽ വീഴ്ത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് വിദഗ്ധർ അനുമാനിക്കുന്നു.

ക്വാലലംപുരിൽനിന്നു ബെയ്‌ജിങ്ങിലേക്ക് പറക്കുകയായിരുന്ന എംഎച്ച് 370 വിമാനം ഇന്ധനം തീർന്നാണ് ഓസ്ട്രേലിയയ്ക്കു പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തി‍ൽ പതിച്ചതെന്ന ഉപഗ്രഹവിവരങ്ങൾ കൂടി പരിഗണിച്ചാണു പുതിയ നിഗമനം. തിരച്ചിലിനു നേതൃത്വം നൽകിയ മാർട്ടിൻ ഡൊലാൻ ഉൾപ്പെടെയുള്ളവർ ‘60 മിനിറ്റ്സ് ഓസ്ട്രേലിയ’ പരിപാടിയിൽ പങ്കെടുത്തു നടത്തിയ വെളിപ്പെടുത്തലുകളാണു ശ്രദ്ധേയമാകുന്നത്.

മലേഷ്യൻ വിമാനദുരന്തം പൈലറ്റ് എടുത്ത ആത്മഹത്യാ തീരുമാനമായിരുന്നെന്ന് ഒട്ടേറെ വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുള്ള കനേഡിയൻ വിദഗ്ധൻ ലാറി വെൻസ് പറഞ്ഞു. മലേഷ്യയുടെയും തായ്‌ലൻഡിന്റെയും ആകാശത്ത് പല തവണ പറപ്പിച്ച് നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. നിയന്ത്രണം വിട്ടു സമുദ്രത്തിൽ പതിച്ചതല്ല, അവസാന നിമിഷംവരെ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിലായിരുന്നെന്നാണ് അവർ പറയുന്നത്.

വിമാനാവശിഷ്ടങ്ങൾ കണ്ടെത്തുന്നതുവരെ പൈലറ്റ് ഷായെ സംശയിക്കരുതെന്നാണു കുടുംബാംഗങ്ങളുടെ നിലപാട്. ബോയിങ് 777 വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ ബീച്ചുകളിൽനിന്നു കണ്ടെടുത്തെങ്കിലും സമുദ്രത്തിലെ തിരച്ചിലിൽ രണ്ടു വർഷം കഴിഞ്ഞിട്ടും തുമ്പില്ലാതെ അവസാനിപ്പിക്കുകയായിരുന്നു.