പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പ്പെട്ട സംഭവം; ഇന്ത്യന്‍ ഡോക്ടര്‍ വൈഷ്ണവി ലക്ഷ്മണിന് വിലക്കില്ല!

2018-06-07 01:47:58am |

അശാസ്ത്രീയ രീതിയില്‍ പ്രസവം കൈകാര്യം ചെയ്യുന്നതിനിടയില്‍ കുഞ്ഞിന്റെ തല വേര്‍പെട്ടു ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ വൈഷ്ണവി ലക്ഷ്മൺ കുറ്റക്കാരിയല്ലെന്ന് ട്രിബ്യൂണൽ വിധി. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവത്തെ തുടർന്ന് വിലക്കേർപ്പെടുത്തിയ വൈഷ്ണവിക്ക് ഇനി എന്‍എച്ച്എസ് ഗൈനക്കോളജിസ്റ്റായി ജോലിയില്‍ തിരിച്ചെത്താം. പുതിയ ആശുപത്രിയിലായിരിക്കും വൈഷ്ണവി ഇനി സേവനത്തിനെത്തുക.

ഡോക്ടർ നല്ല ഉദ്ദേശ്യത്തില്‍ ചെയ്ത സംഭവം തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, പ്രസവത്തിലുടനീളം അമ്മയുടെയും കുഞ്ഞിന്റെയും ഗുണമാണ് ശ്രദ്ധിച്ചിരുന്നതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദമാണ് മാഞ്ചസ്റ്റര്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് അംഗീകരിച്ചത്.

കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാതെ സ്വാഭാവിക പ്രസവമാക്കാന്‍ ശ്രമിച്ച ഡോ. വൈഷ്ണവിയുടെ നടപടിയാണ് മരണ കാരണമെന്ന് സര്‍വീസ് ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാല്‍ സിസേറിയന്‍ നടത്തിയാലും കുഞ്ഞിനെ ജീവനോടെ ലഭിക്കുമായിരുന്നില്ലെന്നാണ് വൈഷ്ണവി വാദിച്ചത്. ഇത് ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. കൂടാതെ കുഞ്ഞിന്റെ തല വേര്‍പ്പെടുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായും കരുതപ്പെടുന്നു.

വൈഷ്ണവിക്ക് പറ്റിപ്പോയ തെറ്റ് സ്ഥിരമായി സംഭവിക്കുന്നതല്ലെന്നും, ചില പ്രത്യേക സാഹചര്യങ്ങളില്‍ എടുക്കുന്ന തീരുമാനത്തിലെ പിശക് മാത്രമാണെന്നും ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടു. കൂടാതെ സ്വന്തം തെറ്റുകള്‍ ഇവര്‍ മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തിയില്ല, അത് ചെറുതായി കണ്ടതുമില്ല. ഇക്കാരണം കൊണ്ടുതന്നെ താക്കീതോ, മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കലോ പോലുള്ള ശിക്ഷാനടപടികൾ ആവശ്യമില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങളില്‍ ഡോ. വൈഷ്ണവി ലക്ഷ്മൺ മാപ്പ് അപേക്ഷിച്ചു.