അമ്മ വിളിച്ചു, യുകെയിലേക്ക് മടങ്ങേണ്ട ദിവസം മകനും ഒപ്പം പോയി! റോഥര്‍ഹാമിലെ ബേബിയുടെ മരണം താഴത്തുറുമ്പില്‍ വീട്ടില്‍ വേദന ഇരട്ടിയാക്കി

2018-06-07 02:51:58am |

അമ്മയുടെ വിയോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ബേബി അറിഞ്ഞിരുന്നില്ല താന്‍ കൂടി അമ്മയ്‌ക്കൊപ്പം സ്വര്‍ഗത്തിലേക്കുള്ള യാത്രയിലാണെന്ന്. അമ്മയ്‌ക്കൊപ്പം മകനും മരണത്തെ പുല്‍കിയപ്പോള്‍ തൊടുപുഴ കരിങ്കുന്നം താഴത്തുറുമ്പില്‍ ചാക്കോ കുരുവിളയുടെ കുടുംബത്തില്‍ ദു:ഖം ഇരട്ടിയായി. അമ്മ മരിച്ചതിനെ തുടര്‍ന്ന് നാട്ടില്‍പോയ യു.കെ മലയാളി തിരിച്ചുപോരേണ്ട ദിവസം ആശുപത്രിയില്‍ മരിച്ചത്് മലയാളി സമൂഹത്തിന് വേദനയായി.

റോഥര്‍ഹാമില്‍ താമസിക്കുന്ന കരിങ്കുന്നം സ്വദേശി താഴത്തുറുമ്പില്‍ ചാക്കോ കുരുവിള( ബേബി)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അമൃത ആശുപത്രിയില്‍ വച്ച് മരിച്ചത്. ഭാര്യ ലില്ലി മറ്റക്കര ചിറപ്പുറത്ത് കുടുംബാംഗം. മക്കള്‍ ലിബിന്‍, ബിബിന്‍, ബേബിയുടെ സഹോദരന്‍ ബിജു യു.കെ.യിലുണ്ട്.

അമ്മയുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഒന്നര ആഴ്ചമുമ്പ് ബേബി കുടുംബത്തോടൊപ്പം നാട്ടില്‍ പോയതായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മക്കള്‍ യു.കെ.യിലേക്ക് തിരിച്ചു പോന്നിരുന്നു. ബേബി ഭാര്യയോടൊപ്പം നാട്ടില്‍ തങ്ങി.

അതിനിടെ അസുഖബാധിതനായതിനെ തുടര്‍ന്ന് ഞായറാഴ്ച അമൃത മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ രോഗം വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലരക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍.
പാന്‍ക്രിയാസിനുണ്ടായ രോഗബാധയെ തുടര്‍ന്ന് യു.കെ.യില്‍ ഏറെക്കാലമായി ചികില്‍സയിലായിരുന്ന ബേബിയുടെ രോഗം രണ്ടു വര്‍ഷം മുമ്പ് ഏറെക്കുറേ ഭേദമാവുകയും ആരോഗ്യ നില വീണ്ടെടുക്കുകയും ചെയ്തതാണ്.

നാട്ടില്‍ എത്തിയ ബേബി അമ്മയുടെ സംസ്‌കാരച്ചടങ്ങുകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പെട്ടെന്ന് ആരോഗ്യ നില വഷളാവുകയും ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.