ക്രിസ്തു കൃഷ്ണനായി, പള്ളി മതം മാറി ക്ഷേത്രമായി! അമേരിക്കയില്‍ നടന്ന മതം മാറ്റം ലോകമെമ്പാടും ചര്‍ച്ചയാകുന്നു, ഗുജറാത്തി ആധിപത്യം വിനയായി

2018-12-26 02:36:27am |

വിര്‍ജീനിയ: അമേരിക്കയില്‍ ഒരു ക്രിസ്ത്യന്‍ പള്ളി കൂടി മതംമാറുന്നു. വിര്‍ജീനിയ പോര്‍ട്‌സ്മൗത്തിലെ പള്ളിയാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമായി മാറാന്‍ തയ്യാറെടുക്കുന്നത്. ക്ഷേത്രത്തിന്റെ പൂജാകര്‍മ്മങ്ങളും വിഗ്രഹപ്രതിഷ്ഠയും വൈകാതെയുണ്ടാകും. 30 വര്‍ഷം പഴക്കമുള്ള പള്ളിയാണ് ക്ഷേത്രമാകുന്നത്. അഞ്ച് ഏക്കറില്‍ 18,000 ചതുരശ്ര അടിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നതാണ്‌ പള്ളി. 150 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഇവിടെ. 16ലക്ഷം ഡോളര്‍ ചെലവിട്ടാണ് ഈ പള്ളി അന്ന് നിര്‍മ്മിച്ചതെന്നാണ് കണക്ക്.

അമേരിക്കയില്‍ ക്ഷേത്രമായി മാറുന്ന ആറാമത്തെ പള്ളിയാണിത്. ലോകത്താകെ ഒമ്പതാമത്തെ പള്ളിയുമാണ് സ്വാമിനാരായണ്‍ ക്ഷേത്രമായി മാറുന്നത്. അഹമ്മദാബാദിലെ മണിനഗറിലുള്ള സ്വാമിനാരായണ്‍ ഗഡി സന്‍സ്താന്‍ ആണ് ഈ പള്ളികള്‍ വിലയ്ക്കു വാങ്ങി ക്ഷേത്രമാക്കുന്നത്.

വിര്‍ജീനിയ കൂടാതെ കാലിഫോര്‍ണിയ, ലൂസിവില്ലെ, പെന്‍സില്‍വാനിയ, ലോസ് ആഞ്ചലസ്, ഒഹായോ എന്നിവിടങ്ങളിലെയും പള്ളികള്‍ ക്ഷേത്രമായി മാറിയിട്ടുണ്ട്. യു.കെയില്‍ ലണ്ടനിലും മാഞ്ചെസ്റ്ററിലെ ബോള്‍ട്ടണിലും രണ്ട് പള്ളികള്‍ ക്ഷേത്രമായി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. കാനഡയിലെ ടൊറോന്റോയില്‍ 125 വര്‍ഷം പഴക്കമുള്ള പള്ളിയാണ് ക്ഷേത്രമായത്.

മറ്റൊരു വിശ്വാസത്തിലെ ആരാധനാലയം ആയിരുന്നതിനാല്‍ പോര്‍ട്‌സ്മൗത്തിലെ പള്ളിയില്‍ കാര്യമായ പൊളിച്ചുപണി വേണ്ടിവരില്ലെന്ന് സന്‍സ്താന്‍ അധ്യക്ഷന്‍ ഭഗ്‌വത്പ്രിയദാസ് സ്വാമി പറയുന്നു. വിര്‍ജീനിയയിലെ ഹരിഭക്തര്‍ക്കു വേണ്ടിയുള്ള ആദ്യ ക്ഷേത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.  വിര്‍ജീനിയയില്‍ 10,000 ഓളം ഗുജറാത്ത് സ്വദേശികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ ഏറെയും വടക്കന്‍ ഗുജറാത്ത്, മധ്യ ഗുജറാത്തിലെ ചരോദാര്‍, കച്ച് മേഖലയില്‍ നിന്നുള്ളവരാണ്.