സെർബിയൻ പ്രധാനമന്ത്രിയുടെ സ്വവർഗ പങ്കാളിക്ക് കുഞ്ഞ് പിറന്നു! അമ്മ മിലിക്ക ഗർഭിണിയായത് കൃത്രിമ ബീജസങ്കലനത്തിലൂടെ

2019-02-23 02:31:04am |

ബെൽഗ്രേഡ്: ലോകത്തെ ആദ്യത്തെ സ്വവർഗാനുരാഗിയായ വനിതാ പ്രധാനമന്ത്രി സെർബിയയിലെ അന്നാ ബ്രണബികിൻെറ പങ്കാളി ആൺകുഞ്ഞിന് ജന്മം നൽകി. അമ്മ മിലിക്ക ജ്യൂജെകും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്  സെർബിയൻ പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. ഡോക്ടറായ മിലിക്ക കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ഗർഭിണിയായത്. 

2017ൽ അധികാരമേറ്റ അന്നാ ബ്രണബിക് സെർബിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും സ്വവർഗാനുരാഗിയുമാണ്. തലസ്ഥാനമായ ബെൽഗ്രേഡിലെ ഗേ ബാറിൽവെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പൊതു പരിപാടികളിൽ അന്നക്കൊപ്പം മിലിക്കയും പങ്കെടുക്കാറുണ്ട്. 2018ൽ ഫോർബ്സ് മാസിക തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും ശക്തരായ വനിതകളിൽ 91-ാം സ്ഥാനത്ത് അന്നയുണ്ടായിരുന്നു.

സ്വവർഗവിവാഹത്തിന് സെർബിയ ഇതുവരെ നിയമപരമായ അംഗീകാരം നൽകിയിട്ടില്ലെങ്കിലും ഉടൻ ഇതുണ്ടാകും. യൂറോപ്യൻ യൂനിയൻ അംഗത്വം കൂടി ലക്ഷ്യമിട്ടാണ് ഇതിന് അംഗീകാരം നൽകുന്നത്. സ്വവർഗാനുരാഗികളായ ആളുകൾ പലപ്പോഴും ഉപദ്രവവും ആക്രമണവും നേരിടുന്ന രാജ്യമാണ് സെർബിയ.