പാരച്യൂട്ടില്‍ നിന്നും വീണയുടനെ അഭിനന്ദന്‍ അന്വേഷിച്ചത് രാജ്യമേതെന്ന്; ഇന്ത്യയെന്ന് ഉത്തരം കിട്ടിയതോടെ ജെയ് ഹിന്ദ് എന്നുറക്കെ വിളിച്ചു; യുവാക്കള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ച് ആക്രമിച്ചു

2019-03-01 02:37:00am |

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാണെങ്കിലും വിങ് കമാണ്ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ധീരതയെ വാഴ്ത്തിപാടുകയാണ് ഇന്ത്യന്‍ യുവാക്കള്‍. ശത്രുസൈന്യത്തിന്റെ കൈയ്യില്‍ അകപ്പെട്ടപ്പോഴും വാക്കുകള്‍ പിഴയ്ക്കാതെ സംസാരിക്കുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നതോടെയാണ് ധീരനായ ജവാന്‍ നവമാധ്യമങ്ങളില്‍ യുവാക്കളുടെയും ഹീറോ ആയി മാറിയത്.

ബുധനാഴ്ച അതിര്‍ത്തി കടന്നെത്തിയ പാക്ക് പോര്‍ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ്ഗ് 21 ജെറ്റ് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45ന് വലിയ ശബ്ദത്തോടെ എന്തോ തകരുന്നത് കണ്ടു. പിന്നീട് പാരച്യൂട്ടില്‍ ഒരാള്‍ താഴെയിറങ്ങുന്നത് കണ്ടുവെന്നുമാണ് നിയന്ത്രണ രേഖയില്‍ നിന്നും 7 കിലോമീറ്റര്‍ മാത്രം അകലെ ഭീമാര്‍ ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് റസാഖ് ഛൗഢരി പാക്ക് മാധ്യമത്തോട് പറഞ്ഞത്.

കൈയ്യില്‍ ഒരു പിസ്റ്റലുമായി താഴെ എത്തിയ അഭിനന്ദന്‍ ചുറ്റുംകൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാക്കിസ്ഥാന്‍ ആണോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍, അവര്‍ ഇന്ത്യയാണെന്ന് പറയുകയായിരുന്നു. ആവേശത്തെത്തുടര്‍ന്ന് ഇന്ത്യയുടെ മുദ്രാവാക്യങ്ങള്‍ അദ്ദേഹം ഉച്ചത്തില്‍ ഏറ്റവിളിക്കുകയായിരുന്നു. പുറത്ത് പരിക്കുണ്ടെന്നും അല്‍പ്പം വെള്ളം ചോദിച്ചപ്പോള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നും പറഞ്ഞ് കല്ലുകള്‍കൊണ്ട് ഇടിക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പാക്ക് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് കൈത്തോക്ക് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോള്‍ കൈവശമുണ്ടായിരുന്ന മാപ്പുകള്‍ അടക്കം തന്ത്രപ്രധാനമായ രേഖകളുമായി അടുത്തുണ്ടായിരുന്ന ചെറിയ കുളത്തിലേക്ക് ചാടുകയും വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അത് വിഴുങ്ങുകയും ചെയ്തുവെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും സ്ഥിതിഗതികള്‍ വഷളാണെന്ന് മനസ്സിലാക്കിയ ഒരാള്‍ ജവാന്റെ കാലിലേക്ക് വെടിയുതിര്‍ക്കുകയും വളയുകയും ചെയ്യുകയായിരുന്നു.

രണ്ട് കൈകളും ഉയര്‍ത്താനും കീഴടങ്ങാനും ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസിയായ മുഹമ്മദ് റസാഖ് ഛൗധരി ഡോണിനോട് പറഞ്ഞു. യുവാക്കള്‍ ആവേശത്തോടെ സൈനീകനെ വെടിയുതിര്‍ത്തില്ലെന്നും അതിന് ദൈവത്തിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.