പറക്കും പയ്യന്‍! ലോകത്തിലെ ഏറ്റവും വേഗമേറിയ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തി ഒരു ഏഴ് വയസുകാരന്‍

2019-03-05 02:52:56am |

ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിന് പോലും വെല്ലുവിളിയാവുകയാണ് ഒരു ഏഴ് വയസുകാരന്‍. ബോള്‍ട്ടിനേക്കാള്‍ മൂന്ന് സെക്കന്‍ഡ് സമയം മാത്രം എടുത്ത് നീറ് മീറ്റര്‍ ഓടി പൂര്‍ത്തിയാക്കിയിരിക്കുകയാണ് അമേരിക്കന്‍ വംശജനായ ഏഴ് വയസുകാരന്‍ റുഡോള്‍ഫ് ഇങ്ക്രം. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ പ്രൈമറി ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ ഏഴുവയസുകാരന്‍ എന്ന റെക്കോര്‍ഡും റുഡോള്‍ഫ് സ്വന്തമാക്കി.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വേഗതയേറിയ താരം എന്ന റെക്കോര്‍ഡും റുഡോള്‍ഫ് സ്വന്തമാക്കിയിട്ടുണ്ട്. നൂറ് മീറ്റര്‍ ദൂരം 13.48 സെക്കന്റുകള്‍കൊണ്ട് ഓടിതീര്‍ത്തായിരുന്നു റുഡോള്‍ഫ് ലോകറെക്കോര്‍ഡില്‍ മുത്തമിട്ടത്. നാലാം വയസില്‍ കായികപരിശീലനമാരംഭിച്ച റുഡോള്‍ഫ് അത്ലക്റ്റിക്‌സില്‍ മാത്രമല്ല റഗ്ബിയിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. ബ്ലേസ് ദ ഗ്രേറ്റ് എന്നാണ് റുഡോള്‍ഫിന്റെ ഇരട്ടപ്പേര്.

ഏഴ് വയസായതെയുള്ളുവെങ്കിലും ആരാധകരുടെ കാര്യത്തില്‍ കക്ഷി ഒട്ടും പിന്നിലല്ല. നാല് ലക്ഷത്തിലധികം പോരാണ് റുഡോള്‍ഫിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. വലുതാകുമ്പോള്‍ തന്റെ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ലോകമറിയുന്നൊരു കായികതാരമാകണമെന്നാണ് കൊച്ചു ബ്ലേസിന്റെ ആഗ്രഹം.