ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി; ലിതെർലാൻഡ് ഇടവകയിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു

2019-03-05 03:16:05am | ഫാ. ബിജു കുന്നയ്‌ക്കാട്ട് P. R. O.
ലിതെർലാൻഡ്/ലിവർപൂൾ: ലോകമെമ്പാടുമുള്ള ക്രൈസ്തവവിശ്വാസികൾ വലിയനോമ്പിലേക്കു പ്രവേശിക്കുന്ന ഈ ആഴ്ചയിൽ, സീറോ മലബാർ ക്രമത്തിൽ 'വിഭൂതി തിങ്കൾ' ആചരണം ഇന്നലെ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധ ഇടവക/മിഷൻ/പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽ ഭക്തിനിർഭരമായി ആചരിച്ചു. ഔർ ലേഡി ഓഫ് പീസ് ലിതെർലാൻഡ് ഇടവകയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ദിവ്യബലിക്കിടയിൽ സുവിശേഷസന്ദേശത്തിനുശേഷം, അനുതാപത്തിന്റെയും പശ്ചാത്താപത്തിന്റെയും അടയാളമായി നെറ്റിയിൽ ചാരം പൂശൽ തിരുക്കർമ്മം നടന്നു. 
 
ഇടവക വികാരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, റെവ. ഫാ. ആന്റണി പങ്കിമാലിൽ വി.സി., റെവ. ഫാ. ജോസ് പള്ളിയിൽ വി. സി., റെവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമ്മികരരായിരുന്നു. വൈകിട്ട് 6 . 30 ന് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ നിരവധി വിശ്വാസികൾ  പങ്കുചേരാനെത്തി. ഈശോ നൽകുന്ന പ്രചോദനങ്ങളോട് അതെ എന്നും ആമ്മേൻ എന്നും പറയാനും പിശാചിന്റെ പ്രലോഭനങ്ങളോട് വേണ്ട എന്നും ഇല്ല എന്നും പറയാനുള്ള ക്ഷണമാണ് നോമ്പുകാലം നൽകുന്നതെന്ന് വചനസന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഈശോയുടെ അമ്മയായ പരി. മറിയം ജീവിതകാലം മുഴുവൻ ദൈവത്തോട് ആമ്മേൻ പറഞ്ഞ വ്യക്തിയാണന്നും ആദ്ദേഹം അനുസ്മരിച്ചു. 
 
അതേസമയം, രൂപതയുടെ വിവിധ ഭാഗങ്ങളിൽ ബഹു. വൈദികരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഭക്തിപൂർവ്വം വിഭൂതി തിരുനാൾ ആചരിച്ചു. പ്രെസ്റ്റൺ കത്തീഡ്രലിൽ വൈകിട്ട് ആറു മണിക്കും ലീഡ്‌സിൽ 6. 30 നും ഇപ്‌സ്‌വിച്ചിൽ ആറു മണിക്കും ലിവർപൂളിലെ വിസ്റ്റണിൽ 6. 30 നും കാർഡിഫിൽ 7 മണിക്കുമായിരുന്നു തിരുക്കർമ്മങ്ങൾ. പീറ്റർബറോയിൽ റെവ. ഫാ. ഫിലിപ്പ് പന്തമാക്കലും ഡെർബിയിൽ റെവ. ഫാ. വിൽഫ്രഡ് പെരേപ്പാടനും നോട്ടിംഗ്ഹാമിൽ റെവ. ഫാ. ബിജു  കുന്നയ്‌ക്കാട്ടും തിരുക്കർമ്മങ്ങളിൽ മുഖ്യകാർമ്മികരായി. കുട്ടികളുൾപ്പെടെയുള്ളവർക്കു പങ്കെടുക്കാനുള്ള സൗകര്യത്തിനായി മിക്കയിടങ്ങളിലും വൈകിട്ടായിരുന്നു തിരുക്കർമ്മങ്ങൾ. സ്‌കൂളുകളും ജോലിത്തിരക്കുമുള്ള ദിവസമായിരുന്നങ്കിലും കുട്ടികളുൾപ്പെടെ നിരവധി വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു. 

'പെതുർത്ത' ഞായറാഴ്ചയുടെ പിറ്റേദിവസം (വിഭൂതി തിങ്കൾ ) മുതൽ ദുഃഖശനി വരെ നീളുന്ന അമ്പതു ദിവസങ്ങളാണ് സീറോ മലബാർ വിശ്വാസികൾ വലിയനോമ്പായി ആചരിക്കുന്നത്. ലത്തീൻ ക്രമത്തിൽ വിഭൂതി ബുധനാഴ്ചയാണ് വലിയനോമ്പ്‌ ഔദ്യോഗികമായി ആരംഭിക്കുന്നത്. പരസ്യജീവിതത്തിനു മുൻപായി നാല്പതു രാവും നാല്പതു പകലും ഈശോ മരുഭൂമിയിൽ ഉപവസിച്ചതിനെ അടിസ്ഥാനപ്പെടുത്തിയാണ് അമ്പതു നോമ്പ് ആരംഭിച്ചത്. ബൈബിളിലെ പഴയ നിയമത്തിൽ, നിനിവേ രാജ്യത്തിലെ ജനങ്ങൾ, യോനാ പ്രവാചകന്റെ മാനസാന്തരാഹ്വാനം ശ്രവിച്ചു ചാക്കുടുത്തു ചാരം പൂശി അനുതപിച്ചതിനെ മാതൃകയാക്കിയാണ് ഇന്ന് വിഭൂതിത്തിരുനാളിൽ വിശ്വാസികൾ നെറ്റിയിൽ ചാരം പൂശി അനുതാപം പ്രകടിപ്പിക്കുന്നത്. അമ്പതുനോമ്പിന്റെ ദിവസങ്ങളിൽ ഉപവാസം, ദാനധർമ്മം, പ്രാർത്ഥന എന്നിവയ്ക്കാണ് വിശ്വാസികൾ പ്രാമുഖ്യം കൽപ്പിക്കുന്നത്.