ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രമുഖ മരിയോത്സവമായ "വാല്‍ത്സിങ്ങാം തീർത്ഥാടനം" ജൂലൈ 20 ന്

2019-04-09 02:52:45am | അപ്പച്ചന്‍ കണ്ണഞ്ചിറ
വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന ഏറ്റവും പ്രമുഖവും ഭക്തജന സഹസ്രങ്ങൾ പങ്കുചേരുന്നതുമായ വാല്‍ത്സിങ്ങാം തീർത്ഥാടനം  ജൂലൈ 20 ന് ശനിയാഴ്ച ആഘോഷപൂർവ്വം കൊണ്ടാടുന്നു. പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ രക്ഷകന്റെ ആഗമന പ്രഖ്യാപനമായ  മംഗള വാർത്ത ശ്രവിച്ച 'നസ്രത്തിലെ ഭവനം' മാതൃഹിതത്തിൽ യു കെ യിലേക്ക് അത്ഭുതകരമായി പകർത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയൻ പുണ്യ കേന്ദ്രവും, യു കെ യിലെ 'നസ്രത്ത്' എന്നറിയപ്പെടുകയും ചെയ്യുന്ന അനുഗ്രഹങ്ങളുടെ പറുദീസയായ വാല്‍ത്സിങ്ങാമിലേക്കുള്ള തീർത്ഥാടനം  ഭക്ത്യാദരപൂർവ്വവും, ആഘോഷത്തോടെയും ഈ വർഷം കൊണ്ടാടുകയാണ്.
 
ഈസ്റ്റ് ആംഗ്ലിയായിലെ കാനൻ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേൽ പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ്  മലയാളി മാതൃഭക്തർക്കായി രൂപം കൊടുത്ത് നേതൃത്വം നൽകി ഈസ്റ്റ് ആംഗ്ലിയാക്കാരെ മുന്നിട്ടിറക്കി ആരംഭിച്ച വാല്‍ത്സിങ്ങാം തീർത്ഥാടനം ക്രമേണ യു കെ യിലെ മുഴുവൻ മാതൃഭക്തരും ഹൃദയത്തിൽ ഏറ്റെടുക്കുകയും ആയിരങ്ങളുടെ സംഗമ വേദിയും അഭയ കേന്ദ്രവും ആയി മാറുകയുമായിരുന്നു.
 
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിലൂടെ കൈവന്ന അജപാലന ശ്രേഷ്ട പങ്കാളിത്തവും, നേതൃത്വവും, മാതൃ ഭക്തജന വൻ പങ്കാളിത്തവും, ഒപ്പം ആത്മീയ ഉത്സവ പകിട്ടുമായി ഔദ്യോഗികമായ രൂപവും ഭാവവും കൈവന്ന പ്രമുഖ മരിയൻ പുണ്യ കേന്ദ്രത്തിലേക്കുള്ള മൂന്നാമത് തീർത്ഥാടന തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നത് എസക്സിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രവും മരിയൻ ഭക്തരുമായ കോൾചെസ്റ്റർ ഇടവക അംഗങ്ങളാണ്. ഈ മരിയോത്സവത്തെ അനുഗ്രഹ സാന്ദ്രമാക്കുവാൻ ഫാ. തോമസ് പാറക്കണ്ടത്തിലും, ഫാ. ജോസ് അന്ത്യാംകുളവും കോൾചെസ്റ്ററുകാരോടൊപ്പം മേൽനോട്ടം നൽകി കൂടെയുണ്ട്.
 
ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് തീർത്ഥാടന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.
 
ആഘോഷപൂർവ്വമായ സമൂഹ ബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അജപാലക ശ്രേഷ്‌ഠൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു തിരുന്നാൾ സന്ദേശം നൽകും. രൂപതയുടെ വികാരി ജനറാളുമാരായ ഫാ. ആൻറണിചുണ്ടിലക്കാട്ട്, ഫാ.ജോർജ്ജ് ചേലാട്ട്, ഫാ. ജിനോ അരീക്കാട്, ഫാ. സജി മലയിൽപുത്തൻപുര എന്നിവരോടൊപ്പം തിരുന്നാൾ സമൂഹ ബലിയിൽ സഹ കാർമ്മികത്വം വഹിക്കുവാനായി യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി അജപാലന ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികരും പങ്കു ചേരും.
 
മരിയൻ പ്രഘോഷണ റാലിയിൽ മാതൃ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമർപ്പിച്ച്,'ആവേ മരിയാ' സ്തുതിഗീതങ്ങളുമായി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ വാല്‍ത്സിങ്ങാം മാതാവിന്റെ തിരുരൂപവുമേന്തി നടത്തുന്ന തീര്‍ത്ഥാടനം മരിയ പ്രഘോഷണ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കും.  
 
മൂന്നാമത് തീർത്ഥാടനത്തിലേക്കു പതിനായിരത്തിലധികം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നത്.
 
ഈ മരിയോത്സവത്തിൽ പങ്കു ചേർന്ന് ഈശോയുടെ പക്കൽ ഏറ്റവും വലിയ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ മാതൃ സങ്കേതത്തിലൂടെ അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാനായി ഏവരെയും വാല്‍ത്സിങ്ങാം തീർത്ഥാടനത്തിലേക്ക്  സസ്നേഹം ക്ഷണിക്കുന്നതായി പ്രസുദേന്തികൾ അറിയിച്ചു.
 

തീർത്ഥാടനവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾക്ക് പ്രസുദേന്തിമാർ ടോമി പാറക്കൽ- 0788301329  നിതാ ഷാജി - 07443042946 എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.