Latest News

യുക്മയ്ക്ക് സെഞ്ചുറി! ഒമ്പത് പുതിയ അംഗങ്ങള്‍ കൂടി അംഗത്വം നേടി, മലയാളി കൂട്ടായ്മയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം! പ്രവാസി അസോസിയേഷനുകളില്‍ ഏറ്റവും വലുതെന്ന ഖ്യാതിയും

2017-05-19 03:23:33am | സജീഷ് ടോം (യുക്മ പി.ആർ.ഒ.)
യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിൽ സെഞ്ചുറി കടന്നു. 'നൂറോളം അംഗ അസോസിയേഷനുകൾ' എന്ന പല്ലവി, "നൂറിലധികം അംഗ അസോസിയേഷനുകൾ" എന്നായി മൊഴിമാറുന്നു. ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സംഘടന എന്ന ഖ്യാതിയിൽ ഒരു പൊൻ തൂവൽ കൂടി  യുക്മക്ക് സ്വന്തം.       
 
മാർച്ച് ആറാംതീയതി തിങ്കളാഴ്ച മുതൽ ഏപ്രിൽ പത്തു തിങ്കൾ വരെയുള്ള അഞ്ചാഴ്ചക്കാലം യുക്മ 'മെമ്പർഷിപ് ക്യാമ്പയിൻ' ആയി ആചരിക്കുകയായിരുന്നു. ആവേശകരമായ പ്രതികരണമാണ് ക്യാമ്പയിന് ലഭിച്ചത്. ആദ്യ ഘട്ടം എന്നനിലയിൽ ഒൻപത് അസോസിയേഷനുകളുടെ അംഗത്വമാണ് പ്രഖ്യാപിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവർ അറിയിച്ചു. യുക്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ചില നിബന്ധനകളുടെ വെളിച്ചത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമായ അപേക്ഷകളാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുവാൻ സാധിക്കാതെ വന്നത്. പ്രസ്തുത അപേക്ഷകളിൽ എത്രയും വേഗം തീരുമാനമെടുത്തു രണ്ടാം ഘട്ടമായി ഉടൻ പ്രഖ്യാപനം ഉണ്ടാകുന്നതാണ്.
 
കഴിഞ്ഞ ദേശീയ ഭരണസമിതിയുടെ കാലാവധി അവസാനിക്കുമ്പോൾ 100 അംഗ അസ്സോസ്സിയേഷനുകളാണ് യുക്മക്ക് ഉണ്ടായിരുന്നത്. ഒൻപത് പുതിയ അസ്സോസിയേഷനുകളെ യുക്മയിലേക്ക് പ്രവേശിപ്പിക്കുവാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ കഴിഞ്ഞിരുന്നു. 
 
പുതിയ അസ്സോസ്സിയേഷനുകളിൽ, യുക്മയുടെ നൂറാമത്തെ അംഗ അസോസിയേഷൻ എന്ന ബഹുമതി നേടാൻ കഴിഞ്ഞത് വോക്കിംഗ് മലയാളീ കൾച്ചറൽ അസോസിയേഷനാണ്. ജോജി ജോസഫ് പ്രസിഡന്റും അരുൺ വർഗീസ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന വോക്കിംഗിലെ പ്രബലമലയാളി കൂട്ടായ്മയായ  ഡബ്ലിയു.എം.സി.എ., യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കരുത്താവുമെന്നതിൽ സംശയമില്ല.    
 
ടിനോ സെബാസ്റ്റ്യൻ പ്രസിഡന്റും പോളച്ചൻ യോഹന്നാൻ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ഹേവാർഡ്‌സ് ഹീത്ത് യുണൈറ്റഡ് മലയാളീ കൾച്ചറൽ അസോസിയേഷൻ, ബിജു പോത്താനിക്കാട് പ്രസിഡന്റും ജോസഫ് തോമസ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ഹേയ്‌വാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ എന്നീ രണ്ട് സംഘടനകളാണ് ഹേയ്‌വാർഡ്‌സ് ഹീത്ത് മലയാളികളെ പ്രതിനിധീകരിച്ചു യുക്മയിലേക്ക് കടന്ന് വരുന്നത്. ഈ രണ്ട് അസോസിയേഷനുകളും സൗത്ത് ഈസ്റ്റ് റീജിയണിൽ അംഗങ്ങളാകുന്നു.     
 
എക്സിറ്റർ മലയാളി അസോസിയേഷനാണ് യുക്മയിലെ മറ്റൊരു പുതിയ അംഗം. സാബു എബ്രഹാം പ്രസിഡന്റും റോബി വർഗീസ് സെക്രട്ടറിയുമായ അസോസിയേഷൻ യുക്മ സൗത്ത് വെസ്റ്റ് റീജിണനിൽ ആയിരിക്കും പ്രവർത്തിക്കുക. തോമസ് ചാക്കുന്നി പ്രസിഡന്റും ജോജി സെബാസ്റ്റ്യൻ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന സൗത്ത് ഓക്സ്ഫോർഡ്ഷെയറിൽനിന്നുള്ള 'ഒരുമ'യും സൗത്ത് വെസ്റ്റ് റീജിയന് ശക്തിപകർന്നുകൊണ്ടാണ് യുക്മയിലേക്ക് കടന്ന് വരുന്നത്.
 
ഹെരിഫോർഡ് മലയാളി അസോസിയേഷനാണ് യുക്മയിലെ മറ്റൊരു നവാഗത അംഗം. മിഡ്‌ലാൻഡ്‌സ് റീജിയണിലൂടെ യുക്മയിലെത്തിയിരിക്കുന്ന ഹെരിഫോർഡ് അസോസിയേഷന്റെ പ്രസിഡന്റ് ഷിനോയ് കൊച്ചുമുട്ടവും സെക്രട്ടറി മെൽബിൻ തോമസുമാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലേക്കും രണ്ട് പുതിയ അസോസിയേഷനുകൾ കടന്നുവന്നിട്ടുണ്ട്. ജോൺസി സാംകുട്ടി പ്രസിഡന്റും അനിൽ സാം സെക്രട്ടറിയുമായുള്ള ഹാർലോ മലയാളി അസോസിയേഷനും, ജോൺ കെ ജോൺ പ്രസിഡന്റും അജിത് ഭഗീരഥൻ സെക്രട്ടറിയുമായുള്ള എഡ്‌മണ്ടൻ മലയാളി അസോസിയേഷനും.
 
പുതിയ യുക്മ അംഗ അസോസിയേഷനുകളിൽ ഒൻപതാമത്തെ അസോസിയേഷൻ 'സീമ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ ആണ്. സാബു മാത്യു പ്രസിഡന്റും സനോജ് ജോസ് സെക്രട്ടറിയുമായുള്ള 'സീമ' യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാഗമാവുന്നു. യുക്മയിലെ അംഗത്വം ഓരോ യു.കെ.മലയാളി അസ്സോസിയേഷനുകളുടെയും അവകാശമാണെന്ന് യുക്മ ദേശീയ നിർവാഹക സമിതി ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
 
കൂടുതൽ അസ്സോസിയേഷനുകളെ സംഘടനയിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ തുടർച്ചയായി കൂടുതൽ റീജിയണുകൾ രൂപീകരിക്കുക, കൂടുതൽ അസോസിയേഷനുകൾ ഉള്ള റീജിയനുകളെ സജീവമല്ലാത്ത റീജിയനുകളുമായി ചേർത്ത് ദേശീയ തലത്തിൽ റീജിയനുകളുടെ പുനഃസംഘടന നടപ്പിലാക്കുക തുടങ്ങി സംഘടനയെ ശക്തിപ്പെടുത്താനുള്ള കൂടുതൽ നയപരിപാടികളും ദേശീയ നേതൃത്വത്തിന്റെ സജീവ  പരിഗണയിൽ ഉണ്ട്.