Latest News

ഒരൊറ്റ കുത്തിവെയ്പ്പിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാം: ഇനി കൊളസ്‌ട്രോളും നമ്മുടെ "കൈപ്പിടിയില്‍ ഒതുങ്ങും", വഴിത്തിരിവാകുന്ന കണ്ടെത്തല്‍

2019-05-15 02:17:33am |

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികള്‍ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരില്‍ അറിയപ്പെടുന്നത്. ഹൃദയപേശികളില്‍ രക്തമെത്തിക്കുന്ന കൊറോണറി ധമനികളില്‍ തടസ്സമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടുന്നത് ഹൃദയാഘാതം മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരൊറ്റ ഇഞ്ചക്ഷന്‍ കൊണ്ട് ഹൃദയാഘാത സാധ്യത ക്രമാതീതമായി കുറക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ അമേരിക്കയിലെ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം അസാധാരണമാംവിധം തകരാറിലായ ആളുകളില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ജീന്‍ തെറാപ്പി നടത്തും. 30നും 40നും ഇടക്ക് പ്രായമുള്ളവരില്‍ ഹൃദയാഘാതത്തിന് കാരണമാകുന്ന അപൂര്‍വ്വ ജനിതക തകരാറുള്ള രോഗികളിലാകും ആദ്യ പരീക്ഷണം നടത്തുന്നത്. ഹൃദയാഘാത സാധ്യതയുള്ള ആളുകള്‍ സാധാരണയായി പല തരത്തിലുള്ള മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. രക്തത്തിന്റെ കട്ടി കുറക്കുന്നതിനുള്ള ബ്ലഡ് തിന്നെര്‍സ്, കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഗുളികകള്‍ തുടങ്ങി മിക്കവരും ആജീവനാന്തം മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിതരാകും.

എന്നാല്‍ പുതിയ ജീന്‍ തെറാപ്പി പ്രാബല്യത്തില്‍ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ശാശ്വതമായൊരു പരിഹാരമാകുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ''ഹൃദയാഘാതത്തിന് സാധ്യതയുള്ള ഏതൊരു മുതിര്‍ന്ന ആളിലും ഈ തെറാപ്പി അനുയോജ്യമായിരിക്കു''മെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ കാര്‍ഡിയോളജിസ്റ്റും ജനിതകശാസ്ത്രജ്ഞനുമായ സെകര്‍ കതിരേസന്‍ പറഞ്ഞു. ''ജനിതക തകരാര്‍ മൂലം ചെറുപ്പത്തില്‍ തന്നെ ഹൃദയാഘാതം പിടിപെടുന്നവര്‍ക്ക് മാത്രമല്ല, മറ്റു പല കാരണങ്ങള്‍കൊണ്ടും ഹൃദയാഘാത സാധ്യതയുള്ളവര്‍ക്കും പ്രയോജനപ്പെടും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയത്തെത്തന്നെ ലക്ഷ്യം വെക്കുന്നതിനു പകരം, കരളിലെ ജീനുകളിലും മാറ്റം വരുത്തി 'മോശം കൊളസ്‌ട്രോള്‍' നിയന്ത്രണവിധേയമാക്കാന്‍ പുതിയ തെറാപ്പി സഹായകരമാകും.

പ്രായം കൂടുംതോറും ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതും ഒഴിവാക്കാന്‍ സാധിക്കുമെന്നും കരുതുന്നു. ഹാര്‍വാര്‍ഡിലും മസാച്യുസെറ്റ്‌സിലും ജോലിചെയ്ത പതിനഞ്ചു വര്‍ഷവും ഹൃദയാഘാത സാധ്യത കൂട്ടുന്നതിനോ കുറയ്ക്കുന്നതിനോ കാരണക്കാരായ ജീനുകളെ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. തെറാപ്പ്യൂട്ടിക്‌സ് എന്ന ഒരു സംരംഭം തുടങ്ങിയാണ് കതിരേസന്‍ തീവ്ര പരീക്ഷണം മുന്നോട്ട് കൊണ്ടുപോയത്. ഗൂഗിള്‍ അടക്കമുള്ള വമ്പന്‍ കമ്പനികള്‍ നിക്ഷേപം നടത്താന്‍ തയ്യാറായി വന്നു. അതോടെയാണ് ത്വരിതഗതിയില്‍ പുതിയ കണ്ടെത്തലുകളിലേക്ക് എത്തിച്ചേരാന്‍ കതിരേസനും സംഘത്തിനും സാധിച്ചത്.