Latest News

മുന്‍വിദേശകാര്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമാ സ്വരാജ്‌(67) അന്തരിച്ചു; അവസാന ട്വിറ്റര്‍ സന്ദേശം നരേന്ദ്ര മോദിക്ക് അഭിനന്ദനം

2019-08-07 02:32:23am |

മുന്‍വിദേശകാര്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമാ സ്വരാജ്‌(67) അന്തരിച്ചു. വൃക്കരോഗത്തേത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന്‌ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്‌ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ അന്ത്യം. രോഗബാധയെത്തുടര്‍ന്ന്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. വിദേശകാര്യമന്ത്രി എന്നനിലയില്‍ രാഷ്‌ട്രീയത്തിന്‌ അതീതമായ പിന്തുണ സുഷമ സ്വന്തമാക്കിയിരുന്നു. ജീവിതകാലം മുഴുവന്‍ താന്‍ കാത്തിരുന്ന കശ്‌മീര്‍ വിഷയത്തില്‍ മോഡി സര്‍ക്കാര്‍ എടുത്ത നടപടിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു സുഷമാ സ്വരാജിന്റെ അവസാന ട്വിറ്റര്‍ സന്ദേശം.

ഹരിയാനയിലെ അംബാന കന്റോണ്‍മെന്റില്‍ 1952 ഫെബ്രുവരി 14നാണ്‌ ജനനം. ഇന്ദിരാഗാന്ധിക്കുശേഷം ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായ ആദ്യവനിതയാണ്‌ സുഷമ. ഏഴു തവണ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സുഷമാ സ്വരാജ്‌ ബി.ജെ.പിയുടെ വനിതാമുഖമായാണ്‌ അറിയപ്പെട്ടിരുന്നത്‌. ഡല്‍ഹി മുഖ്യമന്ത്രി, വാജ്‌പേയി മന്ത്രിസഭയില്‍ അംഗം എന്ന നിലകളില്‍ ശ്രദ്ധ നേടിയിരുന്നു. 25-ാമത്തെ വയസില്‍ ഹരിയാന മന്ത്രിസഭയിലെത്തി ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോഡ്‌ സൃഷ്‌ടിച്ചിരുന്നു.
പതിനഞ്ചാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു.

കഴിഞ്ഞ മോഡി മന്ത്രിസഭയുടെ കാലത്ത്‌ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ വിധേയയായിരുന്നു. സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെ വിദേശഇന്ത്യാക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതിനുപരിഹാരം കാണുകയും ചെയ്‌ത സുഷമയുടെ ശൈലി വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. ഇറാഖിലെ നഴ്‌സുമാരുടെ മോചനം, യെമനിലെ ഭീകരരില്‍നിന്ന്‌ മലയാളിയായ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം എന്നിവയില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മുന്‍ രാജ്യസഭാംഗവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ്‌ കൗശലാണു ഭര്‍ത്താവ്‌. ഏക മകള്‍ ഭാന്‍സുരി സുപ്രീംകോടതിയില്‍ അഭിഭാഷകയാണ്‌.