Latest News

മുൻ ജീവനക്കാരൻെറ വെളിപ്പെടുത്തൽ; ഗൂഗിൾ നിരീക്ഷണത്തിലാണെന്ന് ട്രംപ്! ഓവൽ ഓഫീസിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ പിച്ചൈ തന്നോട് അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ്

2019-08-08 01:45:28am |

വാഷിങ്ടൺ: 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടണമെന്ന് ഗൂഗ്ൾ ആഗ്രഹിക്കുന്നുവെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൂഗിളിനും സി.ഇ.ഒ സുന്ദർ പിച്ചെക്കുമെതിരെ കടുത്ത വിമർശമാണ് ട്വിറ്ററിലൂടെ അമേരിക്കൻ പ്രസിഡൻറ് ഉന്നിയിച്ചത്. 

ഓവൽ ഓഫീസിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ പിച്ചൈ തന്നോട് അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഗൂഗിളിന് ചൈനീസ് സൈന്യവുമായി ബന്ധമില്ലെന്നും 2016 തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻറനെ സഹായിച്ചിട്ടില്ലെന്നും പിച്ചൈ വ്യക്തമാക്കിയതായി ട്രംപ് അവകാശപ്പെട്ടു. പറഞ്ഞതിന് വിപരീതമായാണ് പ്രവർത്തിക്കുകയെങ്കിലും 2020 തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൻെറ കമ്പനി പദ്ധതിയിടുന്നില്ലെന്ന് ഗൂഗിൾ സി.ഇ.ഒ പറഞ്ഞതായും ട്രംപ് എഴുതി.

2016 പ്രഡിഡൻറ് തിരഞ്ഞെടുപ്പിൽ ഹിലരിയുടെ വിജയം ഉറപ്പാക്കാൻ കമ്പനി നടത്തിയ നീക്കങ്ങളെക്കുറിച്ച് ഗൂഗിൾ മുൻ എഞ്ചിനീയർ കെവിൻ സെർനകി ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇയാളെ ജോലിയിൽ നിന്ന് ഗൂഗ്ൾ പിരിച്ചുവിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. 2020 ലെ തെരഞ്ഞെടുപ്പിൽ ട്രംപിൻെറ പരാജയം ഉറപ്പാക്കാൻ ഗൂഗിൾ ആഗ്രഹിക്കുന്നുവെന്നും സെർനകി അവകാശപ്പെട്ടു. ഈ വാദങ്ങൾ ചൂണ്ടിക്കാട്ടി ഗൂഗ്ൾ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് ട്രംപ് വ്യക്തമാക്കി. 

അതേസമയം സെർനകിയുടെ വാദങ്ങൾ ഗൂഗ്ൾ തള്ളി. കമ്പനിയുടെ രഹസ്യ വിവരങ്ങൾ‌ ഡൗൺലോഡ് ചെയ്തതിനാണ് ഇയാളെ പുറത്താക്കിയതെന്ന് ഗൂഗ്ൾ വ്യക്തമാക്കി. രാഷ്‌ട്രീയ ആവശ്യങ്ങൾ‌ക്കായി ഇൻറർനെറ്റിലെ തെരച്ചിൽ ഫലങ്ങൾ‌ വളച്ചൊടിക്കുന്നത് ഞങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിക്കും. ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾ‌ക്കും സഹായകരമായ ഉള്ളടക്കം നൽ‌കുകയെന്ന ദൗത്യത്തിന് വിരുദ്ധമാണത്- ഗൂഗ്ൾ വ്യക്തമാക്കി.