ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള സാഹസികതയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു; രഘു റാമും നതാലി ഡി ലൂഷ്യോയും ഹാപ്പിയാണ്

2019-08-09 03:35:10am |

എംടിവി റോഡീസ് എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രശസ്തനായ ജനപ്രിയ അവതാരകനാണ് രഘു റാം. 2018-ലാണ് സുഗന്ധ ഗാര്‍ഗുമായുള്ള ബന്ധത്തില്‍ നിന്ന് രഘു റാം വിവാഹമോചനം നേടിയ ശേഷം നതാലി ഡി ലൂഷ്യോയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഗോവയില്‍ വച്ചായിരുന്നു റഘു റാമിന്റെയും നതാലിയുടെയും വിവാഹം. ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ രീതിയിലായിരുന്നു വിവാഹം.

ഓസ്ട്രിയയിലായിരുന്നു ഇരുവരുടെയും ഹണിമൂണ്‍. ഇപ്പോള്‍ ഇരുവരുടെയും ജീവിതത്തില്‍ മൂന്നാമതൊരു അതിഥി കൂടി എത്തുകയാണ്. ആദ്യത്തെ കണ്‍മണി. കുട്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പ് തങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ഇരുവരും കുറിച്ചു. രഘു റാം പങ്കുവച്ച ചിത്രത്തിലെ നതാലിയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്; ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള സാഹസികതയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. അതേ, ചന്ദ്രനില്‍ എത്തിയ പോലെ. ചിത്രത്തില്‍ രഘു റാം നതാലിയെ ഇരുകൈകള്‍ കൊണ്ടും ചേര്‍ത്തു പിടിച്ചിരിക്കുകയാണ്. നതാലിയുടെ കയ്യില്‍ ഒരു ജോഡി നീല കുഞ്ഞു ഷൂസും ഉണ്ട്. മഞ്ഞയും വെള്ളയും കലര്‍ന്ന തിളക്കമുള്ള വസ്ത്രമാണ് നതാലി ധരിച്ചിരിക്കുന്നത്.

ഇരുവര്‍ക്കും ആശംസയുമായി നിരവധി പേര്‍ രംഗത്ത് എത്തി. എംടിവി റോഡീസ് സീസണ്‍ 2 ല്‍ വിജയിയായ ആയുഷ്മാന്‍ ഖുറാനയാണ് ആദ്യം ആശംസ അറിയിച്ചു. നടന്‍ കരണവീര്‍ ബോഹ്റയും തന്റെ അതിശയം രേഖപ്പെടുത്തി. ''അദ്ഭുതം അടക്കാനേ ആകുന്നില്ല. എന്റെ ദൈവമേ..എന്റെ ദൈവമേ..'' എന്നാണ് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചത്.